ന്യൂഡൽഹി > ഏകീകൃത സിവിൽകോഡിനെ ശക്തമായി പിന്തുണച്ച് ഡൽഹി ഹൈക്കോടതി. വിവാഹം, വിവാഹമോചനം വിഷയങ്ങളിൽ വ്യത്യസ്ത വ്യക്തിനിയമങ്ങൾ സൃഷ്ടിക്കുന്ന സങ്കീർണമായ നൂലാമാലകൾ ഒഴിവാക്കാൻ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതാണ് ഉചിതമെന്ന് ജസ്റ്റിസ് പ്രതിഭ എം സിങ് നിരീക്ഷിച്ചു. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിന് തുടർനടപടികൾ സ്വീകരിക്കാനും കേന്ദ്രസർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. 1955ലെ ഹിന്ദു മാര്യേജ് ആക്റ്റ് മീണാ സമുദായംഗങ്ങൾക്ക്കൂടി ബാധകമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തീർപ്പാക്കിയാണ് ഹൈക്കോടതിയുടെ സുപ്രധാന ഇടപെടൽ.
ഭരണഘടനയുടെ 44–-ാം അനുച്ഛേദത്തിൽ എല്ലാവർക്കും ബാധകമായ രീതിയിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ശ്രമിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഇത് വെറും പ്രതീക്ഷ മാത്രമായി അവശേഷിക്കുന്നത് ശരിയല്ല. 1985ൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ നടപടി സ്വീകരിക്കാൻ സുപ്രീംകോടതി നിയമ മന്ത്രാലയത്തോട് നിർദേശിച്ചിരുന്നു. മൂന്ന് പതിറ്റാണ്ടിലധികം പിന്നിട്ടിട്ടും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിൽ ഹൈക്കോടതിയുടെ പുതിയ ഉത്തരവിന്റെ പകർപ്പ് നിയമമന്ത്രാലയം സെക്രട്ടറിക്ക് കൈമാറണം. സർക്കാർ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കണം–- ഹൈക്കോടതി നിർദേശിച്ചു.