ന്യൂഡൽഹി > വർഷാവസാനത്തോടെ എല്ലാവർക്കും രണ്ടു ഡോസ് കോവിഡ് വാക്സിനെന്ന കേന്ദ്ര അവകാശവാദം എളുപ്പമല്ലെന്ന് വ്യക്തമാക്കി വാക്സിനേഷൻ കണക്കുകൾ. ഇതുവരെ ജനസംഖ്യയുടെ 5.02 ശതമാനത്തിന് മാത്രമാണ് രണ്ടു ഡോസ് വാക്സിൻ ലഭിച്ചത്. 18ന് മുകളിലുള്ളവരെമാത്രം പരിഗണിച്ചാൽ രണ്ടുഡോസും ലഭിച്ചത് 8.27 ശതമാനത്തിന് മാത്രവും. ജനുവരി 16ന് കുത്തിവയ്പ് ആരംഭിച്ച് 174 ദിവസം പിന്നിടുമ്പോഴാണിത്. ഈ വർഷം അവസാനിക്കാൻ ശേഷിക്കുന്നതാകട്ടെ 175 ദിവസവും.
രാജ്യത്ത് ജനസംഖ്യയുടെ 60 ശതമാനവും 18ന് മുകളിൽ പ്രായക്കാരാണ്, 85 കോടി പേർ. ഇവർക്ക് രണ്ടുഡോസ് നൽകാൻ 170 കോടി ഡോസ് വാക്സിൻ വേണം. ഇതുവരെ 7.03 കോടി പേരാണ് രണ്ടു ഡോസ് വാക്സിനെടുത്തത്. 22.84 കോടി പേർക്ക് ഒരു ഡോസ് വാക്സിനും ലഭിച്ചു. ഈ പ്രായക്കാരിൽ ഏതാണ്ട് 55 കോടിക്കും ഒരു ഡോസ് പോലും കുത്തിവയ്ക്കാനായില്ല. ഈ വർഷംകൊണ്ട് വാക്സിനേഷൻ പൂർത്തീകരിക്കുമെന്ന സർക്കാർ പ്രഖ്യാപനം യാഥാർഥ്യമാകണമെങ്കിൽ 155.68 കോടി വാക്സിൻ ഡോസ് 175 ദിവസത്തിൽ നൽകണം. അതായത് പ്രതിദിന വാക്സിനേഷൻ 89 ലക്ഷമെങ്കിലുമായി ഉയരണം. ഏറ്റവും കൂടുതൽ വാക്സിനേഷനെടുത്ത ജൂൺ 21ന് 86.16 ലക്ഷമായിരുന്നു കുത്തിവയ്പ്.
കഴിഞ്ഞ 24 മണിക്കൂറിലെ കുത്തിവയ്പ് 40.23 ലക്ഷം മാത്രമാണെന്ന് ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ആകെ വാക്സിനേഷൻ 36.89 കോടിയായി. സംസ്ഥാനങ്ങൾക്ക് 38.18 കോടി ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. ഇതിൽ അവശിഷ്ടമടക്കം 36.49 കോടി ഉപയോഗിച്ചു. 1.70 കോടി ഡോസ് സംസ്ഥാനങ്ങളിലുണ്ട്. മൂന്നു ദിവസങ്ങളിലായി 23.80 ലക്ഷം ഡോസ് കൂടി കൈമാറും.