കൽപ്പറ്റ > സി കെ ജാനുവിന് കോഴ നൽകിയതിന്റെ തെളിവ് നശിപ്പിക്കാൻ ഫോണുകൾ ഒളിപ്പിച്ച് ബിജെപി സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷ്. വയനാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ മനോജ്കുമാർ ചോദ്യംചെയ്യലിന് വിളിപ്പിച്ചപ്പോഴാണ് ഫോണുകൾ ഹാജരാക്കാതെ ഒളിപ്പിച്ചത്. ഒരാഴ്ചയ്ക്കകം ഫോണുകൾ ഹാജരാക്കണമെന്നാവശ്യപ്പെട്ട് അന്വേഷകസംഘം ഗണേഷിന് വീണ്ടും നോട്ടീസ് നൽകി.
വെള്ളിയാഴ്ച രാവിലെ പത്തരയോടെ കൽപ്പറ്റയിലെ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് മുന്നിൽ ഹാജരായ ഗണേഷിനെ രണ്ട് മണിക്കൂർ ചോദ്യംചെയ്തു. കൃത്യമായ മറുപടി നൽകാതെ പൂർണമായും നിസ്സഹകരിച്ചതായാണ് സൂചന. നേരത്തേ പദ്ധതിയിട്ട ഉത്തരംമാത്രം നൽകി.
ബിജെപി മേഖലാ സെക്രട്ടറി കെ പി സുരേഷ്, വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ, സി കെ ജാനുവിന്റെ ഡ്രൈവർ, ബിഡിജെഎസ് നേതാവ് ശ്രീലേഷ് എന്നിവരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ബത്തേരിയിൽ എൻഡിഎ സ്ഥാനാർഥിയാകാൻ സി കെ ജാനുവിന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ ബിജെപി 35 ലക്ഷം രൂപ കോഴ നൽകിയെന്നാണ് കേസ്.