ന്യൂഡൽഹി
ഡൽഹികലാപം അന്വേഷിക്കുന്ന സമിതിമുമ്പാകെ ഹാജരാകാനുള്ള സമൻസ് റദ്ദാക്കാനാവശ്യപ്പെട്ട് ഫെയ്സ്ബുക്ക് ഇന്ത്യ വൈസ് പ്രസിഡന്റ് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വമെന്ന ആശയത്തിന് തുരങ്കംവയ്ക്കുന്ന ഇടപെടലുകൾ സാമൂഹ്യ മാധ്യമങ്ങളിൽനിന്നുണ്ടായാൽ അനുവദിക്കാനാകില്ലെന്ന് ജസ്റ്റിസ് സഞ്ജയ്കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഡൽഹി കലാപത്തിന് ഇടയാക്കിയ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന നിയമസഭയുടെ ‘പീസ് ആൻഡ് ഹാർമണി കമ്മിറ്റി’ മുമ്പാകെ ഹാജരാകണമെന്ന സമൻസ് റദ്ദാക്കണമെന്നായിരുന്നു ഫെയ്സ്ബുക്ക് ഇന്ത്യ വൈസ് പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ അജിത് മോഹന്റെ ആവശ്യം. ‘മൂന്നാം കക്ഷികൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങൾ നിയന്ത്രിക്കാനോ ക്രമീകരിക്കാനോ കഴിയില്ലെന്ന് വാദിച്ച് ഫെയ്സ്ബുക്കിന് അവരുടെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന്’–- കോടതി ചൂണ്ടിക്കാണിച്ചു.
ജനാധിപത്യത്തിന്റെ അടിസ്ഥാനമെന്ന് കരുതപ്പെടുന്ന തെരഞ്ഞെടുപ്പ് പ്രക്രിയകൾ അട്ടിമറിക്കാനുള്ള നീക്കങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ നടത്തുന്നുവെന്ന ആരോപണം ഗൗരവകരമാണ് ഈ സാഹചര്യത്തിൽ സമിതിമുമ്പാകെ ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ല’–- സുപ്രീംകോടതി കൂട്ടിച്ചേർത്തു.