ന്യൂഡൽഹി
രണ്ടാം മോഡി സർക്കാരിന്റെ ആദ്യ അഴിച്ചുപണിയിൽ തെറിച്ച പലരും സംഘപരിവാറിലെ സൗമ്യ പ്രകൃതക്കാർ. ആരോഗ്യമന്ത്രി ഹർഷ് വർധൻ, വനം–- പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ, രാസവസ്തു–- രാസവളം മന്ത്രി വി സദാനന്ദ ഗൗഡ, തൊഴിൽമന്ത്രി സന്തോഷ് ഗാങ്വാർ, സാമൂഹ്യനീതി മന്ത്രി തവർചന്ദ് ഗെലോട്ട് എന്നിവരാണ് പുറത്താക്കപ്പെട്ട സൗമ്യർ. പകരം തീവ്രവർഗീയ പരാമർശങ്ങളിലൂടെ കുപ്രസിദ്ധനായ ഗിരിരാജ് സിങ്ങിനെപ്പോലുള്ളവർക്ക് പ്രധാനവകുപ്പ് കൈകമാറി മോഡിയും അമിത് ഷായും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. മുസഫർനഗർ കലാപമടക്കം യുപിയിലെ നിരവധി വർഗീയ സംഭവവികാസങ്ങളുടെ സൂത്രധാരനായ സഞ്ജയ് ബല്യാനെപ്പോലുള്ളവർ മന്ത്രിസഭയിൽ തുടരുന്നുമുണ്ട്. ഫിഷറീസ്–- മൃഗസംരക്ഷണ മന്ത്രിയായിരുന്ന ഗിരിരാജ് സിങ്ങിനെ ഗ്രാമവികസന മന്ത്രാലയത്തിലേക്കാണ് മാറ്റിയത്. സഞ്ജീവ് ബല്യാനാകട്ടെ ഫിഷറീസ്–- മൃഗസംരക്ഷണ മന്ത്രാലയ സഹമന്ത്രിയായി തുടരും.
സന്തോഷ് ഗാങ്വാറിന് യുപി മുഖ്യമന്ത്രി ആദിത്യനാഥുമായുള്ള അഭിപ്രായഭിന്നതകളാണ് വിനയായത്. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടി ഗാങ്വാർ യോഗിക്ക് കത്തയച്ചിരുന്നു. യോഗിക്കെതിരെ ബിജെപിയിൽ വലിയ വികാരമുയർന്നിട്ടും മോഡിയും അമിത് ഷായും അദ്ദേഹത്തിൽത്തന്നെ വിശ്വാസമർപ്പിക്കുകയാണ്. വരുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പിലും തീവ്രവർഗീയ അജൻഡതന്നെയാകും ബിജെപി പയറ്റുകയെന്ന് ഇതോടെ വ്യക്തമാകുന്നു. പ്രകാശ് ജാവദേക്കറിനെ മോശം പ്രകടനത്തിനൊപ്പം പ്രായംകൂടി ചൂണ്ടിക്കാട്ടിയാണ് മാറ്റിയത്.
ജാവദേക്കറിന് 70 വയസ്സായി. മന്ത്രിസഭയിൽ മോഡിയൊഴികെ മറ്റെല്ലാവരും 70ൽ താഴെ പ്രായക്കാരാണ്. കോവിഡിൽ സർക്കാരിനെതിരെ ഉയർന്ന വിമർശനങ്ങളെ പ്രതിരോധിക്കാൻ വാർത്താവിതരണവകുപ്പ് കൈകാര്യം ചെയ്ത ജാവദേക്കറിന് കഴിഞ്ഞില്ലെന്ന വിമർശവുമുണ്ട്. കോവിഡ് വീഴ്ചകളാണ് ഹർഷ് വർധനെയും പുറത്താക്കാൻ ന്യായീകരണം. ഐടി–- ഇലക്ട്രോണിക്സ് മന്ത്രിയെന്ന നിലയിൽ വേണ്ടവിധം ശോഭിച്ചില്ലെന്ന വിമർശനമാണ് രവിശങ്കർ പ്രസാദിനെതിരായുള്ളത്. പഴയ അരുൺ ജെയ്റ്റ്ലി വിഭാഗക്കാരനാണെന്നതും കാരണമായി.