ന്യൂഡൽഹി
നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് പൊലീസ് നൽകിയ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്വിറ്റർ ഇന്ത്യ മാനേജിങ് ഡയറക്ടർ മനീഷ് മഹേശ്വരി കർണാടക ഹൈക്കോടതിയെ സമീപിച്ചു. മതവികാരത്തെ പ്രതികൂലമായി ബാധിക്കുന്ന ഉള്ളടക്കം പ്രചരിച്ചെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ഹാജരാകാനാണ് യുപി പൊലീസ് നോട്ടീസ് നൽകിയത്. സിആർപിസി 160–-ാം വകുപ്പ് പ്രകാരം ആദ്യ നോട്ടീസിൽ വിഷയവുമായി ബന്ധമില്ലെന്ന് അവർ പ്രതികരിച്ചിരുന്നു. ഇതിൽ തൃപ്തരാകാതെ സിആർപിസി 41 എ വകുപ്പ് പ്രകാരം രണ്ടാം തവണയും നോട്ടീസ് നൽകിയത് അധികാരദുർവിനിയോഗമാണെന്ന് മനീഷ് മഹേശ്വരിയുടെ അഭിഭാഷകൻ വാദിച്ചു.