തിരുവനന്തപുരം
കേരളം ഒറ്റക്കെട്ടായി പ്രതിജ്ഞയെടുത്തു… അവർ, അടുക്കളയിലോ സ്വർണത്തൂക്കത്തിലോ ആടിയുലയേണ്ടവരല്ല. പാതിയാകാശത്തിന്റെ അധിപരാണ്. മനുഷ്യരാണ്. സ്ത്രീവിരുദ്ധതയ്ക്കെതിരെ സിപിഐ എം സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ സ്ത്രീവിരുദ്ധതയ്ക്ക് എതിരായ പുതിയ ജനകീയ മുന്നേറ്റമായി.
കൂട്ടായ്മയിലെ സ്ത്രീപങ്കാളിത്തം പുതുകാലത്തേക്ക് കേരളം ചുവടുവയ്ക്കുന്നതിന്റെ സൂചന നൽകി. സാമൂഹ്യ സാംസ്കാരിക കലാരംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യവും ശ്രദ്ധേയമായി. ലിംഗനീതിയെന്ന മൂല്യത്തിലേക്ക് നാടിനെ ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് സിപിഐ എം ‘സ്ത്രീപക്ഷ കേരളം’ ക്യാമ്പയിൻ ഏറ്റെടുത്തത്. ഇതിന് സമാപനം കുറിച്ചാണ് ‘സുരക്ഷിത സ്ത്രീ, സുരക്ഷിത സമൂഹം’ എന്ന മുദ്രാവാക്യവുമായി ബഹുജന കൂട്ടായ്മകൾ സംഘടിപ്പിച്ചത്. കൂട്ടായ്മകളിൽ പങ്കെടുക്കാൻ കഴിയാത്തവർ വീടുകളിൽ ഒത്തുചേർന്ന് പ്രതിജ്ഞ ചൊല്ലി.
തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടന്ന കൂട്ടായ്മ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. നടനും സംവിധായകനുമായ മധുപാൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പേട്ടയിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. ഷാജി എൻ കരുൺ, സൂര്യ കൃഷ്ണമൂർത്തി, ജോർജ് ഓണക്കൂർ, നടൻ പ്രേംകുമാർ എന്നിവരും വിവിധയിടങ്ങളിലായി പങ്കെടുത്തു.