ന്യൂഡൽഹി
‘മിനിമം സർക്കാർ, മാക്സിമം ഭരണം’ മുദ്രാവാക്യവുമായാണ് രണ്ടാം മോഡി സർക്കാർ അധികാരമേറ്റത്. കേന്ദ്രമന്ത്രിസഭയിലെ അംഗസംഖ്യ 57 ആക്കി ചുരുക്കി. പ്രധാനമന്ത്രിയുൾപ്പെടെ പല മന്ത്രിമാരുടെയും സ്റ്റാഫും വെട്ടിച്ചുരുക്കി. ചെലവുചുരുക്കൽ അവകാശപ്പെട്ടുള്ള നടപടി മോഡി അനുകൂല മാധ്യമങ്ങൾ ആഘോഷിച്ചു. രണ്ടു വർഷം പിന്നിട്ടപ്പോൾ ‘മിനിമം ഭരണം, മാക്സിമം സർക്കാർ’ എന്ന വിപരീത ദിശയിൽ എത്തിനിൽക്കുകയാണ് മോഡി സർക്കാർ. മന്ത്രിസഭയിലെ ആദ്യ അഴിച്ചുപണിയോടെ പ്രധാനമന്ത്രിയുൾപ്പെടെ 78 അംഗങ്ങൾ. ആഭ്യന്തരവകുപ്പിലും വിദേശവകുപ്പിലുമൊക്കെ സഹമന്ത്രിമാർ മൂന്നായി. സഹകരണമേഖലയ്ക്ക് പുതിയൊരു മന്ത്രാലയത്തിനും രൂപം നൽകി. ഒന്നാം മോഡി സർക്കാർ 43 മന്ത്രിമാരുമായാണ് അധികാരമേറ്റത്. 57 പേരുമായാണ് രണ്ടാം മോഡി സർക്കാർ തുടങ്ങിയതെങ്കിലും രണ്ട് ഘടകക്ഷി മന്ത്രിമാർ രാജിവയ്ക്കുകയും രണ്ട് പേർ മരിക്കുകയും ചെയ്തിരുന്നു.
ജംബോ മന്ത്രിസഭയെന്ന് അറിയപ്പെട്ട രണ്ടാം യുപിഎയുടെ അംഗബലത്തെ മോഡി സർക്കാർ ഇതോടെ മറികടന്നു. രണ്ടാം യുപിഎയിൽ 76 മന്ത്രിമാരുണ്ടായിരുന്നു.
യുപിയിലുൾപ്പെടെ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പല ജാതി വിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകിയാണ് അഴിച്ചുപണിതത്. യുപിയിൽനിന്നുമാത്രം എട്ടുപേർ മന്ത്രിസഭയിലെത്തി. ഗുജറാത്തിൽനിന്ന് അഞ്ചും കർണാടകം, മഹാരാഷ്ട്ര, ബംഗാൾ എന്നിവിടങ്ങളിൽനിന്നായി നാലുപേർ വീതവും ഇടംപിടിച്ചു. ഗുജറാത്തിൽ അടുത്തവർഷവും കർണാടകത്തിൽ 2023ലും നിയമസഭാ തെരഞ്ഞെടുപ്പുണ്ട്.
മാക്സിമം ഭരണം രണ്ടാം മോഡി സർക്കാരിലും പ്രകടമായതേയില്ല. കോവിഡ് പ്രതിരോധ പാളിച്ചകൾമാത്രം ഉദാഹരണം. കുതിച്ചുകയറുന്ന ഇന്ധനവിലയും അവശ്യവസ്തുക്കളുടെ വിലക്കയറ്റവും നിയന്ത്രിക്കാനായില്ല. ലോകത്തിൽ ഏറ്റവും വേഗം വളരുന്ന സമ്പദ്വ്യവസ്ഥയിൽനിന്ന് നെഗറ്റീവ് വളർച്ചയിലേക്ക് രാജ്യത്തെ വലിച്ചുതാഴ്ത്തി. എന്നാൽ ബിജെപിയെ സഹായിക്കുന്ന വൻകിട മുതലാളിമാരുടെ ആസ്തി പലമടങ്ങ് വർധിച്ചു.