പോർട്ടോ പ്രിൻസ്
പ്രസിഡന്റ് ജൊവെനൽ മോയ്സിന്റെ കൊലപാതകത്തെ തുടർന്ന് ഹെയ്തി കൂടുതൽ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക്. രണ്ടുവർഷമായി തെരഞ്ഞെടുപ്പ് നടക്കാത്ത രാജ്യത്ത് പാർലമെന്റും പിരിച്ചുവിട്ടിരുന്നു. ഫെബ്രുവരിയിൽ കാലാവധി കഴിഞ്ഞ പ്രസിഡന്റ് രാജിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം ശക്തമാകുമ്പോഴാണ് ചൊവ്വാഴ്ച പുലർച്ചെ അക്രമിസംഘം മോയ്സിനെ വീട്ടിൽ കയറി വെടിവച്ച് കൊന്നത്. ഗുരുതരമായി പരിക്കേറ്റ പ്രഥമ വനിത മാർത്തീൻ മോയ്സിനെ മയാമിയിലെ ആശുപത്രിയിലേക്ക് മാറ്റി.ഇടക്കാല പ്രധാനമന്ത്രി ജോസഫ് ക്ലോഡിന് പകരം പ്രധാനമന്ത്രിയായി ആരിയൽ ഹെൻറിയെ നാമനിർദേശം ചെയ്തതിന്റെ പിറ്റേന്നാണ് മോയ്സ് കൊല്ലപ്പെട്ടത്.
കൊലയ്ക്ക് ശേഷം ക്ലോഡ് പൊലീസിന്റെയും സൈന്യത്തിന്റെയും സഹായത്തോടെ നായകത്വം ഏറ്റെടുത്തു. രാജ്യത്ത് രണ്ടാഴ്ച നിരോധനം ഏർപ്പെടുത്തി. താൻതന്നെയാണ് പ്രധാനമന്ത്രിയെന്ന് മാധ്യമങ്ങൾക്ക് മുമ്പിൽ പ്രഖ്യാപിച്ച ക്ലോഡിന് അധികാരത്തിൽ തുടരാനാകുമോ എന്നതിലും വ്യക്തതയില്ല. പ്രസിഡന്റിന് പകരക്കാരനെ കണ്ടെത്തേണ്ട ചീഫ് ജസ്റ്റിസ് അടുത്തിടെ കോവിഡ് ബാധിച്ച് മരിച്ചു.
മോയ്സ് വധത്തിൽ അന്താരാഷ്ട്ര തലത്തിൽ അന്വേഷണം നടത്താൻ അമേരിക്ക സഹായിക്കണമെന്ന് ക്ലോഡ് ആവശ്യപ്പെട്ടു. അക്രമികൾ ഡൊമിനിക്കൻ റിപ്പബ്ലിക്കിലേക്ക് രക്ഷപെട്ടിരിക്കാമെന്നും പറഞ്ഞു. ഇംഗ്ലീഷും സ്പാനിഷും സംസാരിച്ചിരുന്ന സംഘാംഗങ്ങളിൽ നാലുപേർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. രണ്ടുപേർ അറസ്റ്റിലായി. അതേസമയം, കരീബിയൻ രാഷ്ട്രങ്ങളുടെ സംഘടനയുടെ തലവൻ ഗാസ്റ്റൺ ബ്രൗൺ മോയ്സ് വധം ചർച്ച ചെയ്യാൻ മേഖലയിലെ രാഷ്ട്രത്തലവന്മാരുടെ യോഗം വിളിച്ചു. ജൊവെനൽ മോയ്സിന്റെ കൊലപാതകത്തിൽ ഫ്രാൻസിസ് മാർപാപ്പ അനുശോചിച്ചു. പ്രതിസന്ധികളും സംഘർഷങ്ങളും തീർക്കാനുള്ള എളുപ്പവഴിയായി അക്രമത്തെ ഉപയോഗിക്കുന്നതിനെ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. 2018ൽ മോയ്സ് മാർപാപ്പയെ വത്തിക്കാനിൽ സന്ദർശിച്ചിരുന്നു.