കൊൽക്കത്ത
നിയമസഭാ തെരഞ്ഞെടുപ്പോടെ അടിത്തറ തകർന്ന പശ്ചിമ ബംഗാൾ ബിജെപിയിൽ കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയെച്ചൊല്ലിയും പൊട്ടിത്തെറി. മന്ത്രിസ്ഥാനമോഹം പൊലിഞ്ഞവർ ഒന്നടങ്കം നേതൃത്വത്തിനെതിരെ തിരിഞ്ഞു. യുവമോർച്ച സംസ്ഥാന പ്രസിഡന്റും ബിഷ്ണുപുർ എംപിയുമായ സൗമിത്ര ഖാൻ രാജിവച്ച് പരസ്യമായി പ്രതിഷേധിച്ചു. കേന്ദ്രനേതൃത്വം ഇടപെട്ട് രാജി പിൻവലിപ്പിച്ചെങ്കിലും അദ്ദേഹം പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു. തന്റെ മന്ത്രിപദവി തട്ടിത്തെറിപ്പിച്ച സംസ്ഥാന പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിക്കെതിരെയാണ് സൗമിത്രയുടെ നീക്കം. കാലുമാറ്റക്കാരായ ഇത്തരം നേതാക്കളെയാണ് ആശ്രയിക്കുന്നതെങ്കിൽ ബിജെപിക്ക് സംസ്ഥാനത്ത് ഭാവിയുണ്ടാകില്ലെന്നും സൗമിത്ര തുറന്നടിച്ചു. ബാബുൾ സുപ്രിയ, ദേബശ്രീ റായ് എന്നിവരെ ഒഴിവാക്കി നാലുപേരെയാണ് ബംഗാളിൽനിന്ന് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്.
പ്രത്യേക ഉത്തര ബംഗാൾ സംസ്ഥാനത്തിന് വാദിക്കുന്ന ജോൺ ബാർള, കംതാപുരി സംസ്ഥാന വാദം ഉന്നയിച്ച നിതീഷ് പ്രമാണിക് എന്നിവരെ ഉൾപ്പെടുത്തിയതിൽ നേതാക്കൾ ഒന്നടങ്കം അസന്തുഷ്ടരാണ്. ബംഗാളിനെ വെട്ടിമുറിക്കാൻ നിലകൊള്ളുന്നവർക്ക് മന്ത്രിസ്ഥാനം നൽകിയത് ദോഷമാവുമെന്ന് പലരും പ്രതികരിച്ചു. പ്രമുഖ നേതാക്കളെ തഴഞ്ഞ് മാതുവ വിഭാഗത്തെ പ്രീതിപ്പെടുത്താൻ ശാന്തനു ഠാക്കൂറിനെ ഉൾപ്പെടുത്തിയതിലും കടുത്ത എതിർപ്പുണ്ട്.
സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ്, നടി ലോക്കറ്റ് ചാറ്റർജി എന്നിവർ മന്ത്രിപദവി ഉറപ്പിച്ചവരാണ്. ഇവരെ മറികടന്ന് സുവേന്ദു അധികാരിയുടെ ഇഷ്ടക്കാർക്ക് പ്രാധാന്യം നൽകിയത് ഇവരെ അസ്വസ്ഥരാക്കുന്നു. മാൾഡയിൽ സേവ് ബിജെപി ബാനറിൽ നൂറിലധികം നേതാക്കളും പ്രവർത്തകരും കേന്ദ്രനേതൃത്വത്തിനെതിരെ പ്രകടനം നടത്തി. അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്ന നടി തനുശ്രീ ചക്രവർത്തി ബിജെപി വിട്ടതും നേതൃത്വത്തിന് തിരിച്ചടിയായി.