ന്യൂഡൽഹി
ഗുജറാത്തിൽനിന്നുള്ള ബിജെപി നേതാവ് മൻസുഖ് മാണ്ഡവ്യ ആരോഗ്യമന്ത്രിയായി ചുമതലയേറ്റതോടെ അദ്ദേഹത്തിന്റെ അക്ഷരത്തെറ്റും വ്യാകരണത്തെറ്റുകളുമുള്ള പഴയ ട്വീറ്റുകൾ വീണ്ടും വൈറലായി. ഇവയുടെ സ്ക്രീൻഷോട്ടുകൾക്കൊപ്പം ഇംഗ്ലീഷ് ഭാഷാപ്രാവീണ്യത്തെ കളിയാക്കിയും നിരവധിപേർ സാമൂഹ്യ മാധ്യമങ്ങളിൽ രംഗത്തെത്തി.
2013ൽ സ്വാതന്ത്രദിനാശംസകൾ നേർന്നുള്ള ട്വീറ്റിൽ ‘ഇൻഡിപ്പെൻഡെൻസ്’ എന്ന വാക്ക് തെറ്റി എഴുതിയിരുന്നു. 2013 ആഗസ്തിലെ മറ്റൊരു ട്വീറ്റിൽ ‘മഹാത്മാഗാന്ധിജി ഈസ് അവർ നേഷൻ ഓഫ് ഫാദർ’–- എന്നാണ് കുറിച്ചത്. 2015 മാർച്ചിലെ മറ്റൊരു ട്വീറ്റിൽ അലോപ്പതിയെ ഇകഴ്ത്തി കാണിക്കുന്ന പരാമർശവും നടത്തി. 2019ൽ പ്രിയങ്ക ഗാന്ധിയെ വിമർശിച്ച് ‘മുത്തശ്ശിയെപ്പോലെ നീണ്ട മൂക്കുണ്ടായാൽ അധികാരം ഉറപ്പിക്കാനാകില്ല’–- എന്നും മൻസുഖ് മാണ്ഡവ്യ അഭിപ്രായപ്പെട്ടിരുന്നു. പഴയ ട്വീറ്റുകൾ കുത്തിപ്പൊക്കി അവഹേളിക്കുന്നത് ശരിയല്ലെന്ന നിലപാടുമായി മന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചും ചിലർ രംഗത്തെത്തി.