ന്യൂഡൽഹി
രണ്ടാം മോഡി സർക്കാരിന്റെ വിപുലമായ അഴിച്ചുപണിക്കുശേഷം ചേർന്ന ആദ്യ മന്ത്രിസഭായോഗം മുൻഗണന നൽകിയത് ആരോഗ്യ–- കാർഷിക മേഖലകൾക്ക്. കോവിഡിന്റെ മൂന്നാം വ്യാപന സാധ്യത കണക്കിലെടുത്ത് 23,123 കോടി രൂപയുടെ ആരോഗ്യപാക്കേജിന് മന്ത്രിസഭ അംഗീകാരം നൽകി. എന്നാൽ മൂന്നിലൊന്ന് സംസ്ഥാനം വഹിക്കണം.
കർഷകസമര പശ്ചാത്തലത്തിൽ കർഷകർക്ക് ആശ്വാസമെന്നനിലയിൽ കാർഷികോൽപ്പന്ന വിപണന സമിതികൾക്കും (എപിഎംസി) മറ്റ് കൃഷി കൂട്ടായ്മകൾക്കും കാർഷിക പശ്ചാത്തല സൗകര്യനിധിയിൽനിന്ന് രണ്ടു കോടി രൂപവരെ പലിശയിളവിൽ വായ്പ അനുവദിക്കാനാകുംവിധമുള്ള ഭേദഗതികൾക്കും മന്ത്രിസഭ അംഗീകാരംനൽകി. ചെയർമാൻസ്ഥാനം നോൺ എക്സിക്യൂട്ടീവാക്കി നാളികേര വികസന ബോർഡിനെ പുനഃസംഘടിപ്പിച്ചു. കോവിഡ് ഒന്നാം വ്യാപനഘട്ടത്തിൽ 15,000 കോടിയുടെ പാക്കേജ് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴത്തെ രണ്ടാം പാക്കേജിൽ കേന്ദ്രവിഹിതം 15,000 കോടിയും സംസ്ഥാന വിഹിതം 8123 കോടിയുമാണ്.
മൂന്നാം തരംഗം നേരിടാൻ ഒരുക്കം
കേന്ദ്ര മന്ത്രിസഭാ പുനസംഘടനയ്ക്ക് ശേഷം ചേർന്ന ആദ്യ മന്ത്രിസഭായോഗം മൂന്നാം കോവിഡ് തരംഗം നേരിടാൻ അംഗീകരിച്ച ആരോഗ്യപാക്കേജിലെ ചില നിർദേശങ്ങൾ:
കേന്ദ്രതല പദ്ധതികൾ
എയിംസ് അടക്കം കേന്ദ്രനിയന്ത്രണത്തിലുള്ള ആശുപത്രികളിൽ 6688 കോവിഡ് കിടക്ക. ജനിതക സീക്വൻസിങ് യന്ത്രങ്ങൾ, ശാസ്ത്രീയ കൺട്രോൾ റൂം തുടങ്ങിയ നടപടികളിലൂടെ ദേശീയ രോഗനിയന്ത്രണകേന്ദ്രത്തെ ശക്തിപ്പെടുത്തും. എല്ലാ ജില്ലാ ആശുപത്രിയിലും ആശുപത്രി മേൽനോട്ട വിവര സംവിധാനം.ഇ– -സഞ്ജീവിനി ടെലി–- കൺസൾട്ടിങ് സംവിധാനം വിപുലീകരിക്കും.
പ്രതിദിനം അരലക്ഷം കൺസൾട്ടേഷനെന്നത് അഞ്ചുലക്ഷമാക്കും.കോവിഡ് കേന്ദ്ര വാർ റൂമും കോവിൻ–- കോവിഡ് പോർട്ടലുകളും ഹെൽപ്പ്ലൈനുകളും ശക്തിപ്പെടുത്താൻ ഐടി ഇടപെടലുകൾ.
സംസ്ഥാനതല പദ്ധതികൾ-
736 ജില്ലയിലും പീഡിയാട്രിക് കെയർ യൂണിറ്റുകൾ. എല്ലാ സംസ്ഥാനങ്ങളിലും പീഡിയാട്രിക് സെന്റർ ഓഫ് എക്സലൻസ്. 20,000 ഐസിയു കിടക്ക, ഇതിൽ 20 ശതമാനം പീഡിയാട്രിക് കിടക്കകൾ. എല്ലാ ആരോഗ്യകേന്ദ്രത്തിലും 6–-20 കിടക്കകൂടി കൂട്ടുംവിധം പ്രീഫാബ്രിക്കേറ്റഡ് കെട്ടിടങ്ങൾ. ടയർ–-2, ടയർ–- 3 നഗരങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും ആവശ്യകത പരിഗണിച്ച് 50–-100 കിടക്കയോടെ വലിയ ഫീൽഡ് ആശുപത്രികൾ. 1050 ലിക്വിഡ് മെഡിക്കൽ ഓക്സിജൻ ടാങ്കുകൂടി. 8800 ആംബുലൻസുകൂടി. യുജി–- പിജി ഇന്റേണുകളെയും അവസാനവർഷ എംബിബിഎസുകാരെയും- ബിഎസ്സി–- ജിഎൻഎം നേഴ്സിങ് വിദ്യാർഥികളെയും കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ഉപയോഗിക്കും. പ്രതിദിനം 21.5 ലക്ഷം ടെസ്റ്റ് നടത്താൻ സംസ്ഥാനങ്ങൾക്ക് സഹായം. അവശ്യമരുന്നുകൾ ലഭ്യമാക്കാൻ ജില്ലകൾക്ക് സഹായം.