ന്യൂഡൽഹി
കേന്ദ്ര മന്ത്രിസഭയുടെ അഴിച്ചുപണിക്ക് മുന്നോടിയായി സാമൂഹ്യനീതി–- ശാക്തീകരണ മന്ത്രിയും രാജ്യസഭാ നേതാവുമായ തവർചന്ദ് ഗെലോട്ടിനെ കർണാടക ഗവർണറായി നിയമിച്ചു. ഇതിന് പുറമെ മൂന്ന് പുതിയ ഗവർണർമാരെക്കൂടി നിയമിക്കുകയും നാല് ഗവർണർമാരുടെ സംസ്ഥാനങ്ങൾ മാറ്റുകയും ചെയ്തു. രണ്ടാം മോഡി മന്ത്രിസഭയുടെ ആദ്യ അഴിച്ചുപണി ബുധനാഴ്ചവെെകിട്ടുണ്ടാവും. രാവിലെ മന്ത്രിസഭായോഗം ചേരും. വെെകിട്ട് പുതിയമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും.
മന്ത്രിസഭയിൽനിന്ന് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള ബിജെപി നേതാവായ ഗെലോട്ടിനെ ഗവർണറാക്കിയത്. ബിജെപി അംഗത്വം ഒഴിയുമെന്നും ഗെലോട്ട് പറഞ്ഞു.
പുതിയ മന്ത്രിമാർ ഡൽഹിയിൽ
മന്ത്രിസ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ജ്യോതിരാധിത്യ സിന്ധ്യ, സർബാനന്ദ് സൊനോവാൾ, നാരായൺ റാണെ, പശുപതി പരസ്, അനുപ്രിയ പട്ടേൽ, റിത ബഹുഗുണ ജോഷി, പങ്കജ് ചൗധുരി, രാംശങ്കർ കതാരിയ, വരുൺ ഗാന്ധി, ആർസിപി സിങ്, ലല്ലൻ സിങ്, സി പി ജോഷി, ശന്തനു ഠാക്കൂർ, അജയ് മിശ്ര എന്നിവർ ഡൽഹിയിലെത്തി.
മന്ത്രിസഭാ വിപുലീകരണം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് അറിയിപ്പ് വന്നിരുന്നെങ്കിലും പിന്നീട് റദ്ദാക്കി. പുതുതായി ഇരുപതിലേറെ പേർ മന്ത്രിസഭയിൽ ഉൾപ്പെടുമെന്നാണ് സൂചന.