ലണ്ടൻ
അറുപതിനായിരംപേരാണ് ഇന്ന് വെംബ്ലിയിൽ നിറയുക. മുക്കാൽഭാഗവും ഇംഗ്ലണ്ട് ടീം ആരാധകർ. വെംബ്ലി നിശ്ശബ്ദമാക്കുമെന്നാണ് ഡെൻമാർക്ക് പരിശീലകൻ കാസ്പെർ ഹുൽമണ്ടിന്റെ മുന്നറിയിപ്പ്. രാത്രി 12.30നാണ് വെംബ്ലിയിൽ യൂറോ രണ്ടാംസെമി. കന്നി ഫൈനൽ തേടി ഇംഗ്ലണ്ടും രണ്ടാംഫൈനൽ ഉറപ്പിക്കാൻ ഡെൻമാർക്കും ഇറങ്ങുന്നു.1992ൽ ഡെൻമാർക്ക് ചാമ്പ്യൻമാരായ യൂറോയിൽ ഇംഗ്ലണ്ടുമായുള്ള ആദ്യറൗണ്ട് മത്സരം ഗോളില്ലാതെ കലാശിക്കുകയായിരുന്നു. ഇംഗ്ലണ്ട് ആ വർഷം നോക്കൗട്ട് കാണാതെ പുറത്തായി.
യൂറോപ്പിലെ വമ്പൻ ടീമാണെങ്കിലും ഒരിക്കൽപ്പോലും ഫൈനൽ കണ്ടിട്ടില്ലാത്തവരാണ് ഇംഗ്ലീഷുകാർ. അവസാനമായി സെമിയിലെത്തിയത് 1996ലാണ്. ഇക്കുറി ചരിത്രം തിരുത്തണം ഗാരെത് സൗത്ഗേറ്റിനും സംഘത്തിനും. പോരായ്മകൾ ഘട്ടംഘട്ടമായി പരിഹരിച്ചാണ് ഇംഗ്ലണ്ടിന്റെ മുന്നേറ്റം. ഗോളടിക്കുന്നില്ലെന്ന പരാതി ക്വാർട്ടറിൽ ഉക്രെയ്നെതിരെ തീർത്തു. ഹാരി കെയ്നിന്റെ ബൂട്ടുകൾ ശബ്ദിച്ചു. ഒറ്റ ഗോളും വഴങ്ങിയിട്ടില്ല ഇതുവരെ.
കളിയാനന്ദത്തേക്കാൾ ഫലമാണ് സൗത്ഗേറ്റിന് മുഖ്യം. അതിനാൽ നിറഞ്ഞുകളിക്കുന്ന ജാക് ഗ്രീലിഷും ഫിൽ ഫോദെനുമൊന്നും സൗത്ഗേറ്റിന്റെ ആദ്യപട്ടികയിൽ ഇല്ല. പ്രതിരോധനിര അചഞ്ചലമാണ്. ലൂക്ക് ഷാ നിർണായകഘടകമാകും.മുന്നേറ്റത്തിൽ റഹിം സ്റ്റെർലിങ്ങിന്റെയും കെയ്നിന്റെയും നീക്കങ്ങൾക്ക് തടയിടാൻ പാകത്തിലുള്ള പ്രതിരോധമാണ് ഡെൻമാർക്കിന്. ക്രിസ്റ്റൻസണും ക്യാപ്റ്റൻ കെയ്റും വെസ്റ്റെഗാർഡും ഉൾപ്പെട്ട പ്രതിരോധം ലോകോത്തരമാണ്. ആദ്യം പിൻവലിഞ്ഞ് പിന്നെ ആക്രമിക്കുന്ന പതിവുരീതി ഡെൻമാർക്കിനെതിരെ കാര്യക്ഷമമാകുമോ എന്നു കണ്ടറിയണം. മധ്യനിരയിൽ ജെയ്ഡൻ സാഞ്ചോയ്ക്ക് പകരം ബുകായോ സാക്ക തിരിച്ചെത്തിയേക്കും.
ക്രിസ്റ്റ്യൻ എറിക്സൺ കുഴഞ്ഞുവീണ നിമിഷംമുതൽ ഡെൻമാർക്ക് പെരുമാറ്റംകൊണ്ടും കളിരീതികൊണ്ടും ആരാധകരെ ആകർഷിച്ച ടീമാണ്. സ്വന്തം കൂട്ടുകാരൻ കളത്തിൽ വീണപ്പോൾ കാട്ടിയ ഒത്തിണക്കംതന്നെയാണ് കളിയിലും ഡെൻമാർക്കിന്റെ പ്രത്യേകത. ഫുൾബാക്ക് ജോക്കിം മഹ്ലെയാണ് പ്രധാന ആയുധം. ഇതിനകം മൂന്ന് ഗോളടിച്ച കാസ്പെർ ഡോൾബെർഗ് ഏതു ദിശയിൽനിന്നും ഗോളടിക്കാൻ കഴിയുന്ന താരമാണ്. ക്വാർട്ടറിൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ തിളങ്ങിയ സ്ട്രൈജറും മുതൽക്കൂട്ടാണ്.
ഇതുവരെ ഭേദിച്ചിട്ടില്ലാത്ത ഇംഗ്ലീഷ് പ്രതിരോധഭിത്തി തകർക്കാൻ തോമസ് ഡോൾബെർഗിനൊപ്പം തോമസ് ഡെലാനി, മാർട്ടിൻ ബ്രത്വയ്റ്റ് എന്നിവരുമുണ്ട്. പക്ഷേ, ഒട്ടും എളുപ്പമാകില്ല. 1992ൽ ജർമനിയെ കീഴടക്കി അത്ഭുതം കാട്ടിയവരാണ് ഡാനിഷുകാർ. ഇക്കുറി ആദ്യ രണ്ടുകളി തോറ്റശേഷമായിരുന്നു ഡെൻമാർക്കിന്റെ തിരിച്ചുവരവ്.