ന്യൂഡൽഹി
മോഡി ഭരണകൂടം നടത്തിയ ഹത്യക്കെതിരെ ലോകമെമ്പാടും പ്രതിഷേധവും രോഷവും അലയടിക്കവെ ഫാ. സ്റ്റാൻ സ്വാമിക്ക് മുംബൈ ബാന്ദ്രയിലെ സെന്റ് പീറ്റേഴ്സ് പള്ളിയിൽ അന്ത്യശുശ്രൂഷ. അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ഫാ. ഫേസർ മസ്ക്രീനാസ്, ഫാ. ജോ സേവ്യർ എന്നിവരും ഹോളി ഫാമിലി ആശുപത്രി അഡ്മിനിസ്ട്രറ്ററും ചെറുഗായകസംഘവും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ബന്ധുക്കളും വൈദികരും അഭിഭാഷകരും മനുഷ്യാവകാശ പ്രവർത്തകരും അടക്കം ആയിരങ്ങൾ ഓൺലൈനിൽ ചടങ്ങ് കണ്ടു. മൃതദേഹം മുംബൈയിൽ ദഹിപ്പിച്ചശേഷം ചിതാഭസ്മം ജാർഖണ്ഡിൽ അദ്ദേഹത്തിന്റെ പ്രവർത്തനകേന്ദ്രമായിരുന്ന റാഞ്ചിയിലേക്കും ജംഷഡ്പുരിലേക്കും കൊണ്ടുപോകുമെന്ന് ജസ്യൂട്ട് സഭാ അധികൃതർ പറഞ്ഞു.
ഫാ. സ്റ്റാനിന്റെ രക്തസാക്ഷിത്വം പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കുവേണ്ടി പൊരുതുന്നവർക്ക് പ്രചോദനമാകുമെന്ന് ശുശ്രൂഷചടങ്ങിൽ വൈദികർ പറഞ്ഞു. ഭീമ കൊറേഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് എൻഐഎ കള്ളക്കേസിൽ കുടുക്കി തലോജ ജയിലിൽ അടച്ച ഫാ. സ്റ്റാൻ കോടതി ഉത്തരവിനെ തുടർന്ന് ആശുപത്രിയിൽ കഴിയവെയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് അന്തരിച്ചത്. എട്ട് മാസത്തോളം അദ്ദേഹം തടവിൽ കഴിഞ്ഞു.
ഫാ. സ്റ്റാനിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളിൽ ഐക്യരാഷ്ട്ര സംഘടന, യൂറോപ്യൻ യൂണിയൻ എന്നിവയുടെ മനുഷ്യാവകാശ പ്രതിനിധികൾ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഫാ. സ്റ്റാനിനെ മോചിപ്പിക്കണമെന്ന് നൊബേൽ സമ്മാനജേതാക്കളും ഇയു പാർലമെന്റ് അംഗങ്ങളും മനുഷ്യാവകാശ പ്രവർത്തകരും പലതവണ ആവശ്യപ്പെട്ടിരുന്നു.