ന്യൂഡൽഹി
ഫാ. സ്റ്റാൻ സ്വാമിയെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചതിനും മനുഷ്യത്വരഹിതമായി കൈകാര്യം ചെയ്ത് മരണത്തിലേക്ക് നയിച്ചതിനും ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 10 പ്രതിപക്ഷ പാർടി നേതാക്കൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. യുഎപിഎ നിയമം ഉപയോഗിച്ച് കഴിഞ്ഞവർഷം ഒക്ടോബറിൽ അറസ്റ്റുചെയ്ത എൺപത്തിനാലുകാരനായ വൈദികന് ജയിലിൽ ചികിത്സ നിഷേധിക്കപ്പെട്ടു.
കോവിഡ് രോഗികൾ പെരുകിയ, തിങ്ങിനിറഞ്ഞ തലോജ ജയിലിൽനിന്ന് അദ്ദേഹത്തെ മാറ്റണമെന്ന എണ്ണമറ്റ ഹർജികൾക്ക് ഫലമുണ്ടായില്ല. ഭീമ കൊറേഗാവ് കേസിലെയും യുഎപിഎയും രാജ്യദ്രോഹനിയമവും ദുരുപയോഗിച്ചുള്ള എല്ലാ രാഷ്ട്രീയപ്രേരിത കേസുകളിലെയും തടവുകാരെ ജയിലുകളിൽനിന്ന് മോചിപ്പിക്കാൻ രാഷ്ട്രപതി ഇടപെടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
സീതാറാം യെച്ചൂരി(സിപിഐ എം), ഡി രാജ(സിപിഐ), സോണിയ ഗാന്ധി(കോൺഗ്രസ്), ശരദ് പവാർ(എൻസിപി), മമത ബാനർജി(തൃണമൂൽ കോൺഗ്രസ്), എം കെ സ്റ്റാലിൻ(ഡിഎംകെ), ഹേമന്ത് സോറൻ(ജെഎംഎം), എച്ച് ഡി ദേവഗൗഡ(ജെഡിഎസ്), ഫാറൂഖ് അബ്ദുള്ള(ജെകെപിഎ), തേജസ്വി യാദവ്(ആർജെഡി)എന്നിവരാണ് കത്തയച്ചത്.