ന്യൂഡൽഹി
ഫാ. സ്റ്റാൻ സ്വാമി മാന്യമായ ചികിത്സപോലും കിട്ടാതെ തടവിൽ കഴിയവെ ദാരുണമായി മരിച്ചതോടെ രാജ്യത്തെ ജയിലുകളിൽ വിചാരണത്തടവുകാർ അനുഭവിക്കുന്ന മനുഷ്യാവകാശലംഘനങ്ങൾ വീണ്ടും ചർച്ചയാകുന്നു. തടവുകാരിൽ 70 ശതമാനത്തോളം വിചാരണത്തടവുകാരാണെന്ന് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ (എൻസിആർബി) റിപ്പോർട്ടിൽ പറയുന്നു. കുറ്റപത്രം സമർപ്പിക്കലും വിചാരണയും അനന്തമായി നീളുന്നതിനാൽ ഓരോ വർഷവും വിചാരണത്തടവുകാരുടെ എണ്ണം കൂടുന്നു.
2001 മുതൽ 2019 വരെ വിചാരണത്തടവുകാരുടെ എണ്ണത്തിൽ വലിയവർധനയാണ് ഉണ്ടായതെന്ന് എൻസിആർബി പറയുന്നു. 2019 അവസാനത്തോടെ ജയിലുകളിൽ 3.28 ലക്ഷം വിചാരണത്തടവുകാരാണുള്ളത്. ഇവരിൽ മൂന്നിൽ രണ്ടും ദളിത്, ആദിവാസി, പിന്നോക്കവിഭാഗക്കാരാണ്. 90 ശതമാനം പേർക്കും ബിരുദത്തിൽ താഴെയാണ് വിദ്യാഭ്യാസം. 28 ശതമാനം പേർ നിരക്ഷരരാണ്. സുപ്രീംകോടതിയും വിവിധ ഹൈക്കോടതികളും വിചാരണത്തടവുകാരുടെ എണ്ണം കുറയ്ക്കണമെന്ന് ആവർത്തിക്കുമ്പോഴും കാര്യങ്ങൾ മറിച്ചാണ്.
പ്രാഥമിക ജീവിതസൗകര്യങ്ങൾ പോലുമില്ലാത്ത ഭൂരിഭാഗം ജയിലുകളിലും വിചാരണത്തടവുകാർ ഗുരുതര മനുഷ്യാവകാശലംഘനങ്ങളാണ് നേരിടുന്നത്. ഫാദർ സ്റ്റാൻ സ്വാമിയെ പാർപ്പിച്ചിരുന്ന തലോജാ ജയിലിൽ 2,124 തടവുകാരെ പാർപ്പിക്കാൻ മാത്രമേ സൗകര്യമുള്ളു. എന്നാൽ, അവിടെ നാലായിരത്തോളം തടവുകാരെയാണ് കുത്തിനിറച്ചിട്ടുള്ളത്. ഡൽഹിയിലെ ജയിലുകൾക്ക് ഉൾക്കൊള്ളാവുന്നതിലും 70 ശതമാനത്തിൽ അധികം തടവുകാരുണ്ടെന്ന് കേമാൺഹെൽത്ത് റൈറ്റ്സ് ഇനീഷ്യേറ്റീവ് പഠനത്തിൽ പറയുന്നു.
കോവിഡ് സാഹചര്യം കൂടിയായതോടെ ജയിലുകളിലെ അവസ്ഥ പരിതാപകരമാണെന്ന് വിവിധ മനുഷ്യാവകാശസംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു. വിവിധ രോഗങ്ങൾ കാരണം കഷ്ടപ്പെടുന്നവർക്ക് മരുന്നുകളോ ചികിത്സയോ പരിശോധനയോ ലഭ്യമാകുന്നില്ലെന്ന പരാതിയും ശക്തമാണ്.