മുംബൈ
ഭീമ കൊറേഗാവ് കേസിൽ അറസ്റ്റുചെയ്ത തനിക്ക് ജാമ്യം നിഷേധിച്ചത് യുഎപിഎ പ്രത്യേക ജഡ്ജിയുടെ അധികാരമില്ലാത്തയാളെന്ന് സാമൂഹ്യപ്രവർത്തക സുധ ഭരദ്വാജ് ബോംബെെ ഹെെക്കോടതിയിൽ അറിയിച്ചു. 2018ൽ സുധ ഭരദ്വാജടക്കം എട്ടുപേരെ പുണെ പൊലീസിന്റെ കസ്റ്റഡിയിൽവിട്ട് ഉത്തരവിട്ട അഡീഷണൽ സെഷൻസ് ജഡ്ജി കെ ഡി വദാനെ പ്രത്യേക ജഡ്ജിയായി നടിക്കുകയായിരുന്നെന്ന് അഭിഭാഷകൻ യുഗ് ചൗധരി പറഞ്ഞു. വദാനെ കുറ്റപത്രം സമർപ്പിക്കാൻ പൊലീസിന് കൂടുതൽ സമയം നൽകുകയും സുധ ഭരദ്വാജിന്റെയടക്കം ജാമ്യം നിഷേധിക്കുകയും ചെയ്തു. സുധ ഭരദ്വാജടക്കമുള്ളവരുടെ ജയിൽവാസം നീളാൻ ഇടയാക്കിയത് വദാനെയുടെ ഉത്തരവാണെന്ന് ചൗധരി ചൂണ്ടിക്കാട്ടി. ഈ കേസിൽ അറസ്റ്റിലായ ഫാ.സ്റ്റാൻ സ്വാമി മരിച്ചതിനു പിന്നാലെയാണ് ഗുരുതര ആരോപണം. വദാനെയെ പ്രത്യേക ജഡ്ജിയായി നിയമിച്ചിട്ടില്ലെന്ന് വിവരാവകാശ മറുപടിയിൽ മഹാരാഷ്ട്ര സർക്കാർ അറിയിച്ചു.