വാഷിങ്ടൺ
ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 40 ലക്ഷം കടന്നു. വേൾഡോമീറ്റർ കണക്ക് പ്രകാരം ചൊവ്വാഴ്ച വൈകിട്ടുവരെ കോവിഡിന് ഇരയായവർ 40,03,630. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ (6,21,346). പ്രതിദിന മരണം കൂടുതൽ ബ്രസീലിൽ. റഷ്യയിൽ ചൊവ്വാഴ്ച അറിയിച്ച 737 അവിടെ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന മരണമാണ്. വാക്സിനേഷൻ ഫലപ്രദമായി നടപ്പാക്കിയതോടെ അമേരിക്കയിൽ മരണം ഗണ്യമായി കുറഞ്ഞു. ആകെ മരണത്തിൽ ബ്രസീലാണ് രണ്ടാമത് (5,25,229). ഇന്ത്യ മൂന്നാം സ്ഥാനത്ത് (4,03,700). നാലാം സ്ഥാനത്തുള്ള മെക്സിക്കോയിൽ മരണം 2,33,689.
കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ വിവിധ രാജ്യങ്ങൾ നിയന്ത്രണങ്ങൾ പുനസ്ഥാപിച്ചു. പാകിസ്ഥാൻ അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തി അടച്ചു. പുതിയ മാനദണ്ഡങ്ങൾ നിലവിൽ വരുംവരെ തൊർഖാം അതിർത്തി വഴി ആളുകളെ പ്രവേശിപ്പിക്കില്ല. -മ്യാന്മർ അതിർത്തിയിലുള്ള റുയിലി പട്ടണം ചൈന അടച്ചുപൂട്ടി. ഇവിടെ നിരവധി ആളുകൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. വ്യാപക പരിശോധനയും തുടങ്ങി.
അതേസമയം, ക്യാനഡയിൽനിന്ന് അമേരിക്കയിലേക്കുള്ള യാത്രാനിയന്ത്രണങ്ങളിൽ അയവ് വരുത്തി. അമേരിക്കയിൽനിന്ന് എത്തുന്ന, പൂർണമായും വാക്സിൻ സ്വീകരിച്ച ക്യാനഡ പൗരർക്ക് 14 ദിവസം സമ്പർക്കവിലക്ക് വേണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. അത്യാവശ്യമല്ലാത്ത യാത്രകൾക്കുള്ള നിയന്ത്രണം 21വരെ നിലനിൽക്കും.