ഐക്യരാഷ്ട്ര കേന്ദ്രം
എൻഐഎ കസ്റ്റഡിയിലിരിക്കെ ഫാ. സ്റ്റാൻ സ്വാമി മരിക്കാനിടയായതിനെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്ര സംഘടനയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽനിന്നുള്ള വാർത്ത നടുക്കുന്നതാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ സംരക്ഷണ വിഭാഗം പ്രത്യേക പ്രതിനിധി മേരി ലാവ്ലോർ പറഞ്ഞു. തെറ്റായി ഭീകരവാദ കുറ്റം ചുമത്തി ഒമ്പതുമാസം മുമ്പ് അറസ്റ്റുചെയ്ത മനുഷ്യാവകാശ പ്രവർത്തകനും ജസ്യൂട്ട് വെെദികനുമായ സ്റ്റാൻ സ്വാമി കസ്റ്റഡിയിലാണ് മരിച്ചത്. മനുഷ്യാവകാശ പ്രവർത്തകരെ ജയിലിലിടുന്നത് നീതീകരിക്കാനാകാത്തതാണെന്ന് അവർ ട്വീറ്റുചെയ്തു. സ്റ്റാൻ സ്വാമിയുടെ ആരോഗ്യനില മോശമാകുന്നതിൽ മേരി ലാവ്ലോർ മുമ്പ് ആശങ്കപ്രകടിപ്പിച്ചിരുന്നു.
ആദിവാസി അവകാശപ്രവർത്തകനായ സ്റ്റാൻസ്വാമിയുടെ മരണം ദുഃഖകരമായ സംഭവമാണെന്ന് യൂറോപ്യൻ യൂണിയൻ മനുഷ്യാവകാശ പ്രതിനിധി ഇമോൺ ഗിൽമോർ പറഞ്ഞു. ഈ വിഷയം അധികൃതരോട് നിരന്തരം ഇയു ഉന്നയിച്ചിരുന്നെന്നും ഇമോൺ ട്വീറ്റുചെയ്തു.