ന്യൂഡൽഹി
2015ൽ റദ്ദാക്കിയ ഐടിനിയമത്തിലെ 66 എ പ്രകാരം പൊലീസ് ഇപ്പോഴും കേസെടുക്കുന്നുവെന്ന ആരോപണം ഞെട്ടിപ്പിക്കുന്നുവെന്ന് സുപ്രീംകോടതി. ശ്രേയ സിംഗാൾ കേസിൽ സുപ്രീംകോടതി റദ്ദാക്കിയ 66 എ വകുപ്പ് ചുമത്തി പല സംസ്ഥാനങ്ങളിലും ഇപ്പോഴും കേസുകൾ എടുക്കുന്നുണ്ടെന്ന് പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് ആണ് കോടതിയിൽ അറിയിച്ചത്.
ഇങ്ങനെ ആയിരക്കണക്കിന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പിയുസിഎല്ലിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സഞ്ജയ് പരീഖ് കോടതിയെ അറിയിച്ചു.
ഈ ആരോപണം ഞെട്ടിക്കുന്നതാണെന്ന് ജസ്റ്റിസ് ആർ എഫ് നരിമാൻ നിരീക്ഷിച്ചു. കേന്ദ്രസർക്കാരിനോട് രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ സുപ്രീംകോടതി നിർദേശിച്ചു.