ബീജിങ്
അഫ്ഗാനിസ്ഥാനിൽ താലിബാൻ ആക്രമണത്തിന് ശക്തിയേറിയതോടെ, പാകിസ്ഥാനെയും ചൈനയെയും ലക്ഷ്യമിട്ടുള്ള തീവ്രവാദി ആക്രമണങ്ങളും വർധിക്കുന്നതായി റിപ്പോർട്ട്. പലപ്പോഴായി പരാജയപ്പെട്ട് പിന്മാറിയ വിഘടനവാദികളും സായുധ സംഘങ്ങളും വീണ്ടും ആക്രമണം തുടങ്ങി.
പാക് സർക്കാരുമായി വർഷങ്ങളായി ഏറ്റുമുട്ടൽ നടത്തുന്ന തെഹ്രീകെ താലിബാൻ പാകിസ്ഥാൻ (ടിടിപി), ഗോത്രമേഖലകളും ഖൈബർ പഖ്തുങ്ക്വ പ്രവിശ്യയിലെ നിരവധി പ്രദേശങ്ങളും പിടിച്ചെടുക്കാൻ ശ്രമം ശക്തമാക്കി. ടിടിപി മേധാവി നൂർ വാലി മെഹ്സൂദ് ഇവിടങ്ങളിൽ സമാന്തര ഗവർണർമാരെ നിയോഗിച്ചു. സായുധസംഘങ്ങളെ തന്ത്രപ്രധാന മേഖലകളിലേക്ക് വിന്യസിച്ചു. ടിടിപിയുടെ 5000 അംഗങ്ങൾ നിലവിൽ അഫ്ഗാനിലുമുണ്ട്. ചൈന നിർമിച്ച ഗ്വാദർ തുറമുഖ പ്രദേശത്തും പാകിസ്ഥാനിലെ ചൈനീസ് സ്ഥാനപതി താമസിച്ചിരുന്ന ക്വെറ്റയിലെ ഹോട്ടലിലും ഇവർ ആക്രമണം നടത്തിയിരുന്നു. താലിബാൻ അഫ്ഗാൻ പിടിച്ചെടുത്താൽ പാകിസ്ഥാനും ചൈനയും വലിയ ആക്രമണം നേരിടേണ്ടി വരുമെന്നും ആശങ്കയുണ്ട്. ബലൂചിസ്ഥാൻ വിഘടനവാദികളും പാക് സേനയ്ക്ക് നേരെയുള്ള ബോംബാക്രമണം ശക്തമാക്കി.
ഞായറാഴ്ച രാത്രി നീണ്ടുനിന്ന ആക്രമണത്തിൽ താലിബാൻ അഫ്ഗാനിസ്ഥാനിലെ പഞ്ച്വായ് ജില്ല പിടിച്ചെടുത്തിരുന്നു. പൊലീസ് ആസ്ഥാനവും ഗവർണറുടെ ഓഫീസും പിടിച്ചെടുത്തു. പ്രദേശത്തുനിന്ന് നൂറുകണക്കിന് ആളുകൾ പലായനം ചെയ്തു. കാണ്ഡഹാർ പ്രവിശ്യയിൽ താലിബാൻ കൈക്കലാക്കുന്ന അഞ്ചാമത് ജില്ലയാണ് പഞ്ച്വായ്. വടക്കുകിഴക്ക് പ്രവിശ്യയായ ബഡാക്ഷനിലെ 10 ജില്ലയും താലിബാൻ കൈപ്പിടിയിലാക്കി. മൊത്തം 407 ജില്ലകളിൽ നൂറോളം താലിബാൻ നിയന്ത്രണത്തിലാണ്. താലിബൻ ആക്രമണത്തെ തുടർന്ന് പിൻവാങ്ങിയ ആയിരത്തിലധികം അഫ്ഗാൻ പട്ടാളക്കാർ അയൽരാജ്യമായ തജികിസ്ഥാനിൽ അഭയം തേടി. അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഘാനി തജികിസ്ഥാൻ പ്രസിഡന്റ് ഇമാമലി രഖ്മോനുമായി വിഷയം ചർച്ച ചെയ്തു.