ന്യൂഡൽഹി
ഉത്തരാഖണ്ഡിൽ ഉപതെരഞ്ഞെടുപ്പിലേക്ക് കടക്കാതെ മുഖ്യമന്ത്രി തിരാഥ് സിങ് റാവത്തിനെ ബിജെപി നേതൃത്വം രാജിവയ്പിച്ചത് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ ലക്ഷ്യമിട്ടെന്ന് റിപ്പോർട്ടുകൾ. എംപിയായിരുന്ന തിരാഥ് സിങ് മാർച്ച് പത്തിനാണ് മുഖ്യമന്ത്രിയായത്. ഭരണഘടനാ പ്രകാരം ആറുമാസത്തിനകം തെരഞ്ഞെടുക്കപ്പെടണം. സെപ്തംബർ പത്തിനാണ് കാലാവധി അവസാനിക്കുക. രണ്ട് നിയമസഭാ സീറ്റ് ഒഴിഞ്ഞുകിടക്കുന്നുണ്ടെങ്കിലും ഉപതെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമീഷനോട് അഭ്യർഥിക്കാതെ മുഖ്യമന്ത്രിയോട് രാജിവയ്ക്കാൻ ബിജെപി നേതൃത്വം നിർദേശിക്കുകയാണുണ്ടായത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ സുവേന്ദു അധികാരിയോട് തോറ്റ മമത ഭരണഘടന പ്രകാരം നവംബർ അഞ്ചിനകം തെരഞ്ഞെടുക്കപ്പെടണം. നാലു മാസം കൂടിയുണ്ടെങ്കിലും കോവിഡ് സാഹചര്യവും മറ്റും ഉയർത്തി ഉപതെരഞ്ഞെടുപ്പ് നീട്ടാനാണ് ബിജെപി ശ്രമം. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറേയും സമാനമായ പ്രതിസന്ധി നേരിട്ടിരുന്നു. എന്നാൽ, ഉപതെരഞ്ഞെടുപ്പിന് കാത്തുനിൽക്കാതെ നിയമസഭാ കൗൺസിലിലേക്ക് ഉദ്ദവിനെ തെരഞ്ഞെടുത്ത് പ്രതിസന്ധി മറികടന്നു. ബംഗാളിൽ നിയമസഭാ കൗൺസിൽ ഇല്ലാത്തതിനാൽ ഉപതെരഞ്ഞെടുപ്പ് മാത്രമാണ് മമതയ്ക്ക് ആശ്രയം.
എത്രയും വേഗം ഉപതെരഞ്ഞെടുപ്പുകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ചിരുന്നു. എന്നാൽ, കമീഷൻ പ്രതികരിച്ചിട്ടില്ല. കമീഷൻ മോഡിയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് മമത പരിഹസിച്ചു. ഉപതെരഞ്ഞെടുപ്പിന് കമീഷൻ ഒരുക്കമല്ലെങ്കിൽ കാലാവധി തീരുന്നതിന് മുമ്പായി മമത രാജിവയ്ക്കുമെന്നും വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും തൃണമൂൽ നേതാവ് സൗഗത റോയ് പറഞ്ഞു.