ന്യൂഡൽഹി
ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിച്ചശേഷം മതി നിയമസഭാ തെരഞ്ഞെടുപ്പെന്ന് ഗുപ്കാർ സഖ്യം കക്ഷികൾ. ശ്രീനഗറിൽ മുൻമുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ വസതിയിൽ ചേർന്ന യോഗത്തിനുശേഷമാണ് ഗുപ്കാർ സഖ്യം നിലപാട് വ്യക്തമാക്കിയത്. ഇതൊരു പൊതുനിലപാടായി ഉയർത്തിക്കൊണ്ടുവരാൻ മറ്റ് രാഷ്ട്രീയ പാർടികളുമായി ചർച്ച നടത്തുമെന്ന് ഗുപ്കാർ സഖ്യം വക്താവും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവുമായ മുഹമദ് യൂസഫ് തരിഗാമി പ്രസ്താവനയിൽ പറഞ്ഞു.
രാഷ്ട്രീയത്തടവുകാരെ വിട്ടയക്കുന്നതടക്കം ക്രിയാത്മകമായ വിശ്വാസവർധക നടപടികൾ ഇല്ലാത്തതിനാൽ പ്രധാനമന്ത്രി വിളിച്ചുചേർത്ത സർവകക്ഷിയോഗം നിരാശാജനകമാണ്. കശ്മീരിനുമേൽ അടിച്ചേൽപ്പിച്ച ഭരണഘടനാ വിരുദ്ധമായ നടപടികൾക്കെതിരായ പോരാട്ടം തുടരും. സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന ഉറപ്പ് പാലിക്കാൻ സർക്കാർ തയ്യാറാകണമെന്നും- തരിഗാമി പറഞ്ഞു. പിഡിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി, ജസ്റ്റിസ് ഹസ്നൈൻ മസൂദി, ജാവേദ് മുസ്തഫ മിർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.