ന്യൂഡൽഹി
ആഗസ്തോടെ രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന് തുടക്കമാകുമെന്ന് എസ്ബിഐ റിസർച്ച് റിപ്പോർട്ട്. സെപ്തംബറോടെ പാരമ്യത്തിലെത്തും. ‘കോവിഡ്–- 19: ദ റേസ് ടു ഫിനിഷിങ് ലൈൻ’ എന്ന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. രണ്ടാം തരംഗം മെയ് ഏഴിന് പാരമ്യത്തിലെത്തി. തുടർന്ന്, രോഗികൾ കുറഞ്ഞു. ജൂലൈ രണ്ടാം വാരത്തോടെ പ്രതിദിന രോഗികൾ പതിനായിരത്തിലേക്ക് താഴും. ആഗസ്ത് രണ്ടാം വാരംമുതൽ രോഗികൾ ഉയർന്നു തുടങ്ങും. സെപ്തംബർ പകുതിയോടെ പാരമ്യത്തിലെത്തിയശേഷം കുറഞ്ഞു തുടങ്ങും–- എസ്ബിഐ റിസർച്ച് റിപ്പോർട്ടിൽ പറയുന്നു.
മരണം 4.03 ലക്ഷം
കടന്നു
24 മണിക്കൂറിൽ 39,796 രോഗികളും 723 മരണവും റിപ്പോർട്ടുചെയ്തു. ആകെ രോഗികൾ 3.06 കോടിയിലേറെ. മരണസംഖ്യ 4.03 ലക്ഷം കടന്നു. 42,352 പേർകൂടി രോഗമുക്തരായി. 4.82 ലക്ഷം പേരാണ് കോവിഡ് ചികിൽസയിലുള്ളത്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.61 ശതമാനമായി. വാക്സിൻ കുത്തിവയ്പുകൾ 35.29 കോടിയായി. 36.97 കോടി ഡോസ് സംസ്ഥാനങ്ങൾക്ക് ഇതുവരെയായി കൈമാറി. അവശിഷ്ടമടക്കം 34.96 കോടി ഡോസ് ഉപയോഗിച്ചു.