ദമ്മാം> ഇന്ത്യയിൽ നിന്ന് സൗദിയിലേക്കു യാത്ര ചെയ്യുന്ന പ്രവാസികൾക്ക് സൗദിയുടെ ഔദ്യാഗികകോവിഡ് പോർട്ടൽ ആയ തവക്കല്നയിൽ വാക്സിൻ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യുന്നതിന് നിലവിൽ കഴിയുന്നില്ല.
അപേക്ഷകർക്ക് വാക്സിൻ സൾട്ടിഫിക്കറ്റുകൾ സൗദി എംബസി അറ്റസ്റ്റഷൻ ചെയ്യണം എന്ന അറിയിപ്പാണ് ലഭിക്കുന്നത്. വീണ്ടും ശ്രമിച്ച പലർക്കും നിലവിലുള്ള ഓപ്ഷൻ തന്നെ ബ്ലോക്കായി. ടോള്ഫ്രീ നമ്പരായ 937-ൽ ബന്ധപ്പെടുക എന്ന അറിയിപ്പാണ് പിന്നീട് ലഭിച്ചത്. നാട്ടിൽ നിന്ന് ഈ സംവിധാനങ്ങളുമായി ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയും നിലനില്ക്കുന്നു.
നിലവിൽ യാത്രാ പോർട്ടലായ അൽ മുഖിം വഴി രജിസ്റ്റര് ചെയ്ത് യാത്ര ചെയ്യാമെങ്കിലും രണ്ടു വാക്സിനുകളും സ്വീകരിച്ചു നാട്ടില് നിന്നും വരുന്നവർക്ക് സൗദി നല്കുന്ന ക്വാറൻറിൻ ഇളവുകൾ ഉപയോഗപ്പെടുത്താൻ കഴിയാതെ വീണ്ടും ക്വാറൻറീനിൽ കഴിയേണ്ടി വരുന്നു. പലരും നേരിട്ട് വിമാനസർവ്വീസ് ഇല്ലാത്തതിനാൽ അന്യരാജ്യങ്ങളിൽ 14 ദിവസം കഴിഞ്ഞാണ് സൗദിയിൽ പ്രവേശിക്കുന്നത്. മാത്രമല്ല വാക്സിൻ ലഭിച്ചു എന്ന് തവകല്ന പോർട്ടലിൽ രേഖപ്പെടുത്താത്തത് ദൈനംദിന പ്രവർത്തങ്ങൾ, ജോലി, സന്ദർശനങ്ങൾ എന്നിവയ്ക്ക് വിഘാതവും നിയമ ലംഘനം ചാര്ത്തപ്പെടുന്നതിനും ഇടയാക്കുന്നു.
സംസ്ഥാന-കേന്ദ്രസര്ക്കാരുകളുടെ സർട്ടിഫിക്കറ്റിന് ഇത്തരം ഒരു അറ്റസ്റ്റേഷന് ആവശ്യമില്ലെന്നാണു സൗദിയിലെ ഇന്ത്യന് എംബസി അധികൃതര് പറയുന്നത്. നിലനില്ക്കുന്ന സാങ്കേതിക പ്രശ്നം ചര്ച്ചയിലൂടെ പരിഹരിച്ചു ഇന്ത്യൻ പ്രവാസികളുടെ സൗദി യാത്രക്കുളള ആശങ്കകൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നവോദയ സാംസ്കാരികവേദി കിഴക്കന് പ്രവിശ്യ ഭാരവാഹികള് എംബസിയോടും കേന്ദ്രസര്ക്കാരിനോടും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു,