കാസർകോട്: കാസർകോട് കീഴൂരിൽ വള്ളം മറിഞ്ഞ് കാണാതായ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. സന്ദീപ്, കാർത്തിക്ക്, രതീഷ് എന്നിവരുടെ മൃതദേഹങ്ങളാണ് കിട്ടിയത്. മൂവരുടെയും മൃതദേഹം കോട്ടിക്കുളം ഭാഗത്ത് കരയ്ക്കടിയുകയായിരുന്നു. ഏഴംഗ സംഘം മത്സ്യബന്ധനത്തിനായി പോയ വള്ളം മറിഞ്ഞാണ് അപകടം ഉണ്ടായത്.
ഇതിൽ നാല് പേരെ ഞായറാഴ്ച തന്നെ രക്ഷപ്പെടുത്തിയിരുന്നു. അപകടത്തിൽ രക്ഷപ്പെട്ടവർ നിസാര പരിക്കുകളോടെ കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. മറിഞ്ഞ ബോട്ടിൽ പിടിച്ച് കിടക്കുകയായിരുന്നു ഇവർ.
ഞായറാഴ്ച രാവിലെ ആറ് മണിയോടെണ് കാസർകോട് ഹാർബറിന് സമീപം ശക്തമായ തിരയിൽപ്പെട്ടാണ് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്.
അപകടച്ചുഴിയുടെ സങ്കടതീരത്ത്
കാസർകോട് മത്സ്യബന്ധന തുറമുഖത്തെ ഇരു പുലിമുട്ടിന്റെയും നീളം 1000 മീറ്ററായി നീട്ടാൻ സർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് 2017 സെപ്റ്റംബർ 14-ന് നിയമസഭാ സമിതി അറിയിച്ചിരുന്നു. മത്സ്യത്തൊഴിലാളികളുടെ പരാതികൾ കേട്ടശേഷമാണ് മുൻ എം.എൽ.എ. സി. കൃഷ്ണൻ ചെയർമാനായിരുന്ന സമിതി ഇക്കാര്യം പ്രഖ്യാപിച്ചത്. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. സമിതി അംഗമായിരുന്നു. അതിനുള്ള നടപടി തുടങ്ങിയിരുന്നെങ്കിലും പുണെയിലെ വിദഗ്ധസംഘം പരിശോധിച്ച് പുലിമുട്ട് നിർമാണത്തിൽ അപാകമില്ലെന്നാണ് വിധിയെഴുതിയതെന്ന് എൻ.എ. നെല്ലിക്കുന്ന് പറഞ്ഞു. പദ്ധതിക്കായുള്ള ഫണ്ട് ഇല്ലാതായതും അതുമായി മുന്നോട്ട് പോകുന്നതിന് തടസ്സമായതായും അദ്ദേഹം വിശദീകരിച്ചു. പുതിയ പദ്ധതിക്ക് ടെൻഡറായിട്ടുണ്ടെന്നും എം.എൽ.എ. പറഞ്ഞു.
എന്നാൽ, കാസർകോടിന്റെ തീരം കടലിലെ അപകടവാർത്തകൾ കേട്ടുകൊണ്ടിരിക്കുന്നു. ജൂൺ 21-നാണ് നീലേശ്വരം അഴിത്തലയിൽനിന്ന് ഒഴുക്കുവല ഉപയോഗിച്ച് മീൻപിടിക്കാൻ പോയ ഫൈബർതോണി തകർന്നത്. തൈക്കടപ്പുറം ഹക്കീമിന്റെ നബീൻമോൻ എന്ന തോണിയാണ് തകർന്നത്. അഞ്ചുപേരെയാണ് അന്നതിൽനിന്ന് രക്ഷിച്ചത്. ഫിഷറീസ് വകുപ്പിന്റെ രക്ഷാബോട്ടാണ് തൊഴിലാളികളുടെ രക്ഷയ്ക്ക് എത്തിയത്.
2019 ഒക്ടോബർ 30-ന് കുമ്പള കോയിപ്പാടി കടപ്പുറത്തുനിന്ന് മീൻപിടിക്കാൻ പോയവരുടെ തോണിയും കടലിൽ മറിഞ്ഞിരുന്നു. അതിലുണ്ടായിരുന്ന മൂന്നുപേരും നീന്തിരക്ഷപ്പെടുകയായിരുന്നു. ഇതേ ദിവസം തന്നെ നീലേശ്വരം അഴിത്തലയിൽ തോണി മറിഞ്ഞ് നാലുപേർ നീന്തിരക്ഷപ്പെട്ടു. 2013 സെപ്റ്റംബർ 13-ന് പുലർച്ചെ ബേക്കൽ പുതിയകടപ്പുറത്ത് പത്തുപേരുമായി കടലിൽ പോയ മീൻപിടിത്ത ബോട്ട് മറിഞ്ഞ് ഒരാളെ കാണാതായിരുന്നു. കീഴൂർ കടപ്പുറത്തെ ദാസനെയാണ് കാണാതായത്.
2016 സെപ്റ്റംബർ 11-ന് കോട്ടിക്കുളം തൃക്കണ്ണാട് കടപ്പുറത്തും ഫൈബർ തോണി അപകടത്തിൽ പെട്ടിരുന്നു. മീൻ പിടിച്ച് വരുമ്പോഴായിരുന്നു അപകടം. വള്ളത്തിലുണ്ടായിരുന്ന പത്തുപേരും നീന്തിരക്ഷപ്പെടുകയായിരുന്നു.
കൃത്യം നാലുമാസം മുമ്പ് മാർച്ച് നാലിനാണ് നെടുകെ ഒടിഞ്ഞ തോണിയിൽനിന്ന് അഞ്ചുപേരെയും തീരദേശ പോലീസ് അർധരാത്രി രക്ഷിച്ച് കരയിലെത്തിച്ച ആശ്വാസവാർത്ത കേട്ടത്. മടക്കരയിൽനിന്ന് പുറപ്പെട്ട മറിയം എന്ന തോണി കീഴൂരിൽനിന്ന് എട്ട് നോട്ടിക്കൽ മൈൽ ദൂരത്താണ് അപകടത്തിൽ പെട്ടത്.
രക്ഷാപ്രവർത്തനം വൈകിയത് സർക്കാരിന്റെ വീഴ്ച- കെ. ശ്രീകാന്ത്
കീഴൂർ കടപ്പുറത്ത് തോണി അപകടത്തിൽപ്പെട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരച്ചിൽ ഊർജിതമാക്കാൻ സാധിക്കാത്തത് സർക്കാരിന്റെ വീഴ്ചയും അവഗണനയുമാണെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത് ആരോപിച്ചു.
രക്ഷാപ്രവർത്തനത്തിനാവശ്യമായ യന്ത്രവത്കൃതബോട്ടുകളോ രക്ഷാ ഉദ്യോഗസ്ഥരോ ജില്ലയിൽ ഇല്ല. കരാർ അടിസ്ഥാനത്തിലെടുത്ത രക്ഷാബോട്ട് ഉപയോഗശൂന്യമാണ്. രക്ഷാപ്രവർത്തനത്തിലെ വീഴ്ച അന്വേഷിക്കാൻ അധികൃതർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
അനാസ്ഥ-ഭാരതീയ മത്സ്യപ്രവർത്തക സംഘം
കാഞ്ഞങ്ങാട്: മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷയൊരുക്കുതിലുൾപ്പെടെ ഫിഷറീസ് വകുപ്പിന്റെ ഭാഗത്ത് വലിയ അനാസ്ഥയെന്ന് ഭാരതീയ മത്സ്യപ്രവർത്തക ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണൻ പുതിയവളപ്പ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ടി.കെ. കുട്ടൻ ഉദ്ഘാടനം ചെയ്തു. കെ.പി. ശശികുമാർ, ഉമേശൻ കാഞ്ഞങ്ങാട്, പി.വി. അനിൽകുമാർ, സുഗുണൻ തൈക്കടപ്പുറം, പി.വി. രമേശൻ എന്നിവർ സംസാരിച്ചു.
കുറുംബ ഭഗവതി ക്ഷേത്ര പരിധിയിൽ ഇന്നു പൊതു മുടക്കം
കാഞ്ഞങ്ങാട്: കസബ കടപ്പുറത്തെ തോണി അപകടത്തിന്റെ പശ്ചാത്തലത്തിൽ അജാനൂർ കടപ്പുറം കുറുംബാ ഭഗവതിക്ഷേത്ര പരിധിയിൽ വരുന്ന സ്ത്രീകൾ ഉൾപ്പടെയുള്ള എല്ലാ സമുദായാംഗങ്ങൾക്കും തിങ്കളാഴ്ച പൊതു മുടക്കമായിരിക്കുമെന്ന് ക്ഷേത്ര ഭരണ സമിതി അറിയിച്ചു
കടലിലെ മീൻപിടിക്കാൻ ബസിൽ യാത്ര!
കടലിലെ മീൻപിടിക്കാൻ ബസിൽ പോകുന്നവരാണ് കാസർകോട് കസബ കടപ്പുറത്തെ തൊഴിലാളികൾ. ചന്ദ്രഗിരിയുടെ അഴിമുഖത്ത് പണിത പുലിമുട്ടാണ് ഈ ദുരിതത്തിന് കാരണമെന്ന് ഇവർ പറയുന്നു. ബേക്കൽ പള്ളിക്കരയിലേക്ക് പുലർച്ചെ ബസിൽ പോയാണ് കാസർകോട്ടെ മത്സ്യത്തൊഴിലാളികൾ മീൻപിടിക്കാൻ കടലിലിറങ്ങിയിരുന്നത്.
കടലിലേക്ക് തോണിയിറക്കാനും തിരിച്ചുവരാനുമാണ് പുലിമുട്ട് നിർമിക്കുന്നത്. എന്നാൽ, ഇവിടെ അത് തിരിച്ചുകടിക്കുകയാണെന്ന് മത്സ്യത്തൊഴിലാളികൾ അനുഭവങ്ങൾ വിവരിച്ച് വ്യക്തമാക്കുന്നു. പുലിമുട്ടിന്റെ വീതി കുറവും നേരത്തേ തോണിയിറക്കിയിരുന്ന ഭാഗത്ത് മണലിടിഞ്ഞതുമാണ് അവർ ചൂണ്ടിക്കാണിക്കുന്നത്.
വീതിയില്ലാത്തതിനാൽ തോണി കുറച്ച് പാളിയാൽ കല്ലിലിടിച്ച് തകരുന്നു. രണ്ടും മൂന്നും ലക്ഷം ചെലവഴിച്ചാണ് അത് നന്നാക്കിയെടുക്കുന്നത്. മണലടിഞ്ഞതിനാൽ വടക്കുഭാഗത്ത് തോണിയിറക്കാനാകുന്നില്ലെന്ന് തൊഴിലാളികൾ വ്യക്തമാക്കുന്നു.
തെക്കുഭാഗത്ത് വെള്ളം കുറഞ്ഞാൽ ക്രെയിൻ ഉപയോഗിച്ചോ തലച്ചുമടായോ തോണി എടുത്ത് മറുവശത്തെത്തിച്ച് ഉന്തി കടലിറക്കണമെന്നും അവർ പറയുന്നു. തീർന്നില്ല. പുലിമുട്ടിന്റെ നീളം കുറഞ്ഞതിനാൽ തിരയുടെ ശക്തി കുറയുന്നില്ല. അത് അപകടസാധ്യത കൂട്ടുന്നു.
പുലിമുട്ടുകൾ തമ്മിലുള്ള അകലം 150 മീറ്ററെങ്കിലുമാക്കിയാൽ തോണികൾക്ക് സുഗമമായി യാത്രചെയ്യാമെന്ന് മത്സ്യത്തൊഴിലാളികൾ നിർദേശിക്കുന്നു. വടക്കേ പുലിമുട്ട് ആയിരം മീറ്ററും തെക്കുഭാഗത്തേത് 900 മീറ്ററും ആക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
Content Highlight: Body of missing fisherman found