ന്യൂഡൽഹി
റഫേൽ യുദ്ധവിമാന ഇടപാടിൽ അനിൽ അംബാനിയുടെ റിലയൻസിന് അനർഹമായ സാമ്പത്തികനേട്ടം ലഭിച്ചതിന്റെ തെളിവുകൾ പുറത്ത്. കരാറിന്റെ ഭാഗമായി റഫേൽ നിർമാതാക്കളായ ഫ്രഞ്ച് കമ്പനി ദസോ ഏവിയേഷനും റിലയൻസ് ഡിഫൻസുംചേർന്ന് ദസോ റിലയൻസ് എയ്റോസ്പെയ്സ് ലിമിറ്റഡ്(ഡിആർഎഎൽ) എന്ന സംയുക്ത സംരംഭം രൂപീകരിച്ചിരുന്നു. ഇതിൽ 94 ശതമാനം(15.9 കോടി യൂറോ) നിക്ഷേപം നടത്തിയത് ദസോയാണെങ്കിലും ഒരു കോടി യൂറോമാത്രം നിക്ഷേപിച്ച റിലയൻസിന് 51 ശതമാനം ഓഹരിപങ്കാളിത്തം ലഭിച്ചു. ദസോയ്ക്ക് 49ശതമാനംമാത്രവും. പ്രതിരോധനിർമാണ മേഖലയിൽ പ്രവർത്തനപരിചയമില്ലാത്ത റിലയൻസിനു മതിയായ മുതൽമുടക്കില്ലാതെ ഭൂരിപക്ഷഓഹരികൾ ലഭിച്ചത് രാഷ്ട്രീയ ഇടപെടൽ വഴിയാണെന്ന് ഫ്രഞ്ച് മാധ്യമം ‘മീഡിയ പാർട്ട്’ ചൂണ്ടിക്കാണിക്കുന്നു. സംയുക്തസംരംഭത്തിൽ ഇരുപക്ഷവും പരമാവധി മുതൽമുടക്കാമെന്ന കരാർ നിലനിൽക്കെയാണിത്. ‘ഭൂമിയടക്കം ഉൽപാദന അടിസ്ഥാനസൗകര്യങ്ങളും പദ്ധതി വിപണനവും ഇന്ത്യ സർക്കാരിന്റെ സേവനങ്ങളും’ ലഭ്യമാക്കുകയാണ് റിലയൻസിന്റെ ദൗത്യമെന്ന് സംയുക്തസംരംഭ രേഖകളിൽ വ്യക്തമാക്കുന്നു. മോഡിസർക്കാരിന്റെ സമ്മർദം കാരണമാണ് റിലയൻസിനെ കരാറിൽ പങ്കാളിയാക്കിയതെന്ന് അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വൊ ഒലന്ദ് പ്രതികരിച്ചിട്ടുണ്ട്. അധികാരകേന്ദ്രങ്ങളിൽ റിലയൻസിനുള്ള സ്വാധീനമാണ് അവരുടെ ഓഹരിയായി മാറിയതെന്ന് ചുരുക്കം.
മോഡി പ്രഖ്യാപിക്കും മുമ്പേ
ധാരണപത്രം ഒപ്പിട്ടു
36 റഫേൽവിമാനം വാങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പാരീസിൽ പ്രഖ്യാപിച്ചത് 2015 ഏപ്രിൽ 10നാണ്. എന്നാൽ, 15 ദിവസംമുമ്പേ, മാർച്ച് 26ന് ദസോയും റിലയൻസും തമ്മിൽ ധാരണപത്രം ഒപ്പിട്ടു. പ്രതിരോധമന്ത്രി മനോഹർ പരീക്കറെ കൂട്ടാതെ അനിൽ അംബാനിക്കൊപ്പമാണ് തന്ത്രപ്രധാനമായ പ്രതിരോധകരാർ ചർച്ചയ്ക്ക് മോഡി പാരീസിലേക്ക് പോയത്.
റഫേൽ സംഭരണപദ്ധതിയിൽ തുടക്കംമുതൽ പരിഗണിച്ചുവന്ന, പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ ലിമിറ്റഡിനെ(എച്ച്എഎൽ) ഒഴിവാക്കിയാണ് റിലയൻസിനെ കരാറിൽ പങ്കാളിയാക്കിയത്.