ന്യൂഡൽഹി
റഫേൽ ഇടപാടിൽ ഇന്ത്യക്കാർക്ക് കോഴ ലഭിച്ചതിന്റെ വിവരം പുറത്തുവന്ന് മാസങ്ങൾ കഴിഞ്ഞിട്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിന് തയ്യാറാകാത്തതിൽ ദുരൂഹത. വിദേശത്തുനിന്ന് ഇന്ത്യക്കാർക്ക് അനധികൃതമായി ലഭിക്കുന്ന പണത്തെക്കുറിച്ച് അന്വേഷിക്കുകയാണ് ഇഡിയുടെ പ്രാഥമിക ചുമതല. ആയുധവ്യാപാര ദല്ലാൾ സുഷേൻ ഗുപ്തയുടെ കുടുംബവക കമ്പനിക്ക് റഫേൽ കരാറിന്റെ ഭാഗമായി 8.5 കോടി കോഴ ലഭിച്ചെന്ന് ഏപ്രിലിൽ ഫ്രഞ്ച് മാധ്യമം ‘മീഡിയ പാർട്ട്’ തെളിവുസഹിതം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഫ്രഞ്ച് പബ്ലിക് പ്രോസിക്യൂഷൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അഴിമതി, അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ, സ്വജനപക്ഷപാതം എന്നീ കുറ്റങ്ങൾ കരാറിന്റെ ഭാഗമായി നടന്നിട്ടുണ്ടെന്ന നിഗമനത്തിലാണ് ഫ്രഞ്ച് പ്രോസിക്യൂഷൻ.
കള്ളപ്പണത്തിന്റെ പങ്ക് ഇന്ത്യയിലേക്ക് എത്തിയെന്ന് അറിഞ്ഞിട്ടും ഇഡി മൗനം തുടരുന്നു. അതേസമയം, അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സുഷേൻ ഗുപ്തയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.