ന്യൂഡൽഹി
റഫേൽ യുദ്ധവിമാന അഴിമതിയെക്കുറിച്ച് ഫ്രാൻസിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതോടെ ഇന്ത്യയിൽ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണം വേണമെന്ന ആവശ്യം വീണ്ടും ശക്തമായി. സിപിഐ എം, കോൺഗ്രസ് അടക്കമുള്ള പ്രമുഖ പ്രതിപക്ഷ പാർടികൾ ഇക്കാര്യം ആവശ്യപ്പെട്ടു. ഇന്ത്യ– -ഫ്രാൻസ് സർക്കാരുകൾ തമ്മിലുള്ള കരാറാണ് റഫേൽ യുദ്ധവിമാന സംഭരണത്തിന് അടിസ്ഥാനമെന്നതിനാൽ കേന്ദ്രത്തിന് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിയാനാകില്ല. ഫ്രാൻസിലെ പുതിയ സംഭവവികാസങ്ങളോട് മോഡി സർക്കാർ മൗനം പാലിക്കുന്നതും ശ്രദ്ധേയമാണ്.
റഫേൽ യുദ്ധവിമാന സംഭരണത്തിന് 2014ൽ ഉണ്ടാക്കിയ കരാർ പൊളിച്ചടുക്കിയത് 2015 ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വെ ഒലന്ദുമായുള്ള കൂടിക്കാഴ്ചയിലാണ്. തുടർന്ന് 2016ൽ ഏർപ്പെട്ട പുതിയ കരാറിലെ അഴിമതി, സ്വജനപക്ഷപാതം, കള്ളപ്പണം വെളുപ്പിക്കൽ, അധികാരദുർവിനിയോഗം എന്നിവയാണ് ഫ്രാൻസ് അന്വേഷിക്കുന്നത്.
റഫേലിൽ പ്രധാനമന്ത്രിയുടെ പങ്കും പിന്നിലുള്ള എല്ലാ കാര്യങ്ങളും പുറത്തുകൊണ്ടുവരാൻ ജെപിസി അന്വേഷണം പ്രഖ്യാപിക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ യോഗം ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന്റെ പ്രതികരണം എന്താണെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര ആരാഞ്ഞു. റഫേൽ കരാറിൽ കോടികളുടെ കോഴ കൈമറിഞ്ഞതിന്റെ രേഖകൾ മറ്റൊരു കേസിൽ അറസ്റ്റിലായ ആയുധവ്യാപാര ഇടനിലക്കാരനിൽനിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ലഭിച്ചത് ഏപ്രിലിൽ പുറത്തായിരുന്നു. ഈ രേഖകളിൽ ഇഡി എന്താണ് ചെയ്യുന്നതെന്ന് അറിയില്ല–- പവൻ ഖേര പറഞ്ഞു.
മറ്റൊരു ബൊഫോഴ്സ് ആകുമോ?
ആശങ്കയിൽ ബിജെപി
സ്വീഡനിൽനിന്ന് 1986ൽ ബൊഫോഴ്സ് തോക്കുകൾ വാങ്ങിയതിലെ കോഴയിടപാട് കോൺഗ്രസിനെ തകർത്തതുപോലെ റഫേൽ അഴിമതി വിനാശമാകുമോ എന്ന ആശങ്കയിലാണ് ബിജെപി. ബൊഫോഴ്സിൽ ഇന്ത്യയിലെ അന്വേഷണവും നിയമനടപടികളും അട്ടിമറിച്ചെങ്കിലും ജനങ്ങൾക്കിടയിൽ ചർച്ചയായത് കോൺഗ്രസിനെ ദുർബലപ്പെടുത്തി. അതിനുശേഷം രാജ്യത്ത് കോൺഗ്രസിന് തനിച്ച് ഭൂരിപക്ഷം ലഭിച്ചിട്ടില്ല. റഫേൽ അഴിമതിയാരോപണങ്ങൾ ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ് ഉയർന്നെങ്കിലും സുപ്രീംകോടതിവിധിയുടെ പേരിൽ ബിജെപിയും സർക്കാരും പിടിച്ചുനിന്നു. അഴിമതി ഫ്രഞ്ച് പ്രോസിക്യൂഷൻ സ്ഥിരീകരിച്ചതോടെ മോഡി സർക്കാരും പരുങ്ങലിലായി. ഫ്രാൻസിൽ മുൻ പ്രസിഡന്റ്, ഇപ്പോഴത്തെ പ്രസിഡന്റ്, മുൻ പ്രതിരോധമന്ത്രി എന്നിവരുടെ പങ്ക് അന്വേഷിക്കുന്നുണ്ട്. അഴിമതിയിലും ഗൂഢാലോചനയിലും പങ്ക് വഹിച്ചവരുടെ പേര് മാത്രമാണ് വ്യക്തമാകാനുള്ളത്.