ഗാസിയാബാദ്
ഉത്തർപ്രദേശിൽ ക്ഷേത്രത്തിന് സമീപമിരുന്ന് മാംസാഹാരം കഴിച്ചെന്ന് ആരോപിച്ച് ശുചീകരണത്തൊഴിലാളിയായ യുവാവിനെ തല്ലിക്കൊന്നു. മീററ്റ് സ്വദേശിയായ പ്രവീൺ സൈനിയാണ് (22) കൊല്ലപ്പെട്ടത്. ഗാസിയാബാദിലെ ഗംഗ്നഹർ ഘട്ടിലാണ് സംഭവം. സമീപവാസികളായ നിതിൻ ശർമ, അശ്വിനി ശർമ, ആകാശ് ത്യാഗി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രവീൺ സുഹൃത്തിനൊപ്പം റൊട്ടിയും സോയയും കഴിക്കുന്നതിനിടെ നിതിൻ ശർമയുടെ നേതൃത്വത്തിലുള്ള സംഘം തടയുകയായിരുന്നു. സസ്യാഹാരമാണ് കഴിക്കുന്നതെന്ന് പറഞ്ഞിട്ടും ഇവർ പ്രവീണിനെയും സുഹൃത്തുക്കളെയും ക്രൂരമായി മർദിച്ചു. തടയാൻ ശ്രമിച്ചെങ്കിലും വടിയും കല്ലുകളും കൊണ്ട് സംഘം ആക്രമിച്ചു. സംഭവശേഷം പ്രതികൾ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ പ്രവീൺ സംഭവസ്ഥലത്ത് മരിച്ചു. കൂടുതൽ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. മുഖ്യപ്രതിയായ നിതിൻ അവധിയിൽ നാട്ടിലെത്തിയ സൈനികനാണ്.