കൊല്ലം
പാലക്കാടുനിന്ന് 10 –-ാം ക്ലാസ് വിദ്യാർഥിയുടെ ഫോൺവിളി ആസൂത്രിതമാണെന്ന് എം മുകേഷ് എംഎൽഎ പറഞ്ഞു. ഫോൺവിളിച്ച വിദ്യാർഥി നിഷ്കളങ്കനായിരുന്നെങ്കിൽ കോൾ റെക്കോഡ് ചെയ്യില്ലായിരുന്നു. ആറാം തവണ ഫോൺ എടുക്കുന്നതിനു മുമ്പുണ്ടായ സംഭാഷണങ്ങൾ എന്തുകൊണ്ട് റെക്കോഡ് ചെയ്തില്ല. സംഭവം ആസൂത്രിതമാണെന്ന് അതിൽനിന്ന് വ്യക്തമാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച പൊലീസിൽ പരാതി നൽകുമെന്നും മുകേഷ് പറഞ്ഞു.
വിദ്യാർഥി നിരന്തരം വിളിച്ചുകൊണ്ടിരുന്നപ്പോൾ താനൊരു സൂം മീറ്റിങ്ങിലാണെന്നും അങ്ങോട്ട് വിളിക്കാമെന്നും പറഞ്ഞു. തുടർച്ചയായി ആറുതവണ വിളി വന്നപ്പോൾ സൂം മീറ്റിങ് കട്ടായി. അങ്ങോട്ട് വിളിക്കാമെന്ന് പറഞ്ഞില്ലേ എന്നും അത്യാവശ്യമുള്ള സൂം മീറ്റിങ്ങാണെന്നും വിദ്യാർഥിയോട് പറഞ്ഞു. പിന്നെ വിളിച്ചയാളുടെ സ്ഥലം പറഞ്ഞപ്പോഴാണ് ഒറ്റപ്പാലം എംഎൽഎയെ വിളിച്ചുകൂടായിരുന്നോ എന്നു ചോദിച്ചത്. അദ്ദേഹത്തിനോട് കാര്യം പറഞ്ഞ്, നടപടി എന്താകുമെന്ന് അറിഞ്ഞശേഷം തന്നോട് പറയാമായിരുന്നു. എന്നാൽ, വിളിച്ച വിദ്യാർഥിക്ക് ഒറ്റപ്പാലം എംഎൽഎയുടെ പേരറിയില്ല. അപ്പോഴും താൻ പറഞ്ഞത് പത്താം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടി സ്വന്തം എംഎൽഎ ആരാണെന്ന് അറിഞ്ഞിരിക്കണം എന്നാണ്. തന്റെ നമ്പർ ഫ്രണ്ട് തന്നതാണെന്നും പറഞ്ഞു. ചൂരൽകൊണ്ട് അടിക്കുമെന്ന് ആലങ്കാരികമായി പറഞ്ഞതാണെന്നും അതൊരു പ്രയോഗമാണെന്നും മുകേഷ് പറഞ്ഞു.