റിയോ
ഗോളടിച്ചും ഗോളടിപ്പിച്ചും ലയണൽ മെസി അർജന്റീനയെ തോളേറ്റുന്നു. കിരീടപ്പോരിലേക്ക് ഇനി ഒരു ജയം അകലെ. കോപ അമേരിക്ക ഫുട്ബോൾ ക്വാർട്ടറിൽ ഇക്വഡോറിനെതിരെ മിന്നുന്നൊരു ഫ്രീകിക്ക് ഗോളിൽ മുദ്രചാർത്തിയ മെസി അർജന്റീനയ്ക്ക് മൂന്ന് ഗോളിന്റെ ജയമൊരുക്കി. ഉറുഗ്വേയെ ഷൂട്ടൗട്ടിൽ വീഴ്ത്തിയ കൊളംബിയയാണ് സെമിയിലെ എതിരാളി. ബുധനാഴ്ചയാണ് സെമി.
ഇരുപത്തെട്ടുവർഷമായി കാത്തിരിക്കുന്ന രാജ്യാന്തര കിരീടത്തിന്റെ സ്വപ്നത്തിലാണ് മെസിയും കൂട്ടരും. മങ്ങിയും ഇടയ്ക്ക് തെളിഞ്ഞുമാണ് കോപയിൽ അർജന്റീന സെമിവരെ എത്തിയത്. ഇക്വഡോറിനെതിരെയും പതിവുദൗർബല്യങ്ങൾ കാട്ടിയെങ്കിലും മെസിയുടെ മിന്നുന്ന പ്രകടനം തുണച്ചു. ആദ്യഘട്ടത്തിൽ റോഡ്രിഗോ ഡി പോളിന്റെ ഗോളിന് അവസരമൊരുക്കിയ മുപ്പത്തിനാലുകാരൻ കളിയവസാനം ലൗതാരോ മാർട്ടിനസിന്റെ കാലുകളിലേക്കും പന്തെത്തിച്ചു. പരിക്കുസമയത്തായിരുന്നു ഫ്രീകിക്ക് ഗോൾ. കോപയിൽ മെസിയുടെ രണ്ടാംഫ്രീകിക്ക് ഗോളും മികവുറ്റതായിരുന്നു. ഇക്വഡോർ ഗോൾ കീപ്പർ ഹെർണൻ ഗാലിൻഡെസിനെ ആ കിക്ക് നിഷ്പ്രഭനാക്കി. ടൂർണമെന്റിൽ ഇതുവരെ നാല് ഗോളടിച്ച മെസി നാലെണ്ണത്തിന് അവസരവുമൊരുക്കി.
അർജന്റീന കുപ്പായത്തിൽ ആകെ 76 ഗോളായി. ബ്രസീൽ ഇതിഹാസം പെലെയേക്കാൾ ഒരെണ്ണം കുറവ്. പ്രധാന ടൂർണമെന്റുകളുടെ നോക്കൗട്ട് ഘട്ടത്തിൽ കൂടുതൽ ഗോളും അവസരമൊരുക്കലും നടത്തിയ കളിക്കാരനും മെസിതന്നെ. നോക്കൗട്ട് ഘട്ടത്തിൽ അഞ്ച് ഗോളടിച്ചപ്പോൾ 15 എണ്ണത്തിന് അവസരമൊരുക്കി. രാജ്യാന്തര കിരീടം ഏറെ മോഹിക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു മെസിയുടെ പ്രതികരണം. ‘വ്യക്തിപരമായ നേട്ടങ്ങൾ എല്ലായ്പോഴും രണ്ടാമതാണ്. ഈ കോപയിൽ ഞങ്ങൾക്ക് വലിയ ലക്ഷ്യമാണ്. അതിൽമാത്രമാണ് ശ്രദ്ധ’–- മെസി പറഞ്ഞു.
ഇക്വഡോറിനെതിരെ കടുത്ത മത്സരമായിരുന്നുവെന്നും മെസി പ്രതികരിച്ചു. ഇക്വഡോറുമായുള്ള കളിയിൽ തുറന്ന അവസരം മെസി പാഴാക്കിയിരുന്നു. മുന്നേറ്റനിരയിൽ നിക്കോളാസ് ഗൊൺസാലെസിന് കിട്ടിയ അവസരങ്ങളും പാഴായി. ലൗതാരോ മാർട്ടിനെസ് തുടർച്ചയായ രണ്ടാംകളിയിലും ലക്ഷ്യംകണ്ടത് പരിശീലകൻ ലയണൽ സ്കലോണിക്ക് ആശ്വാസം നൽകുന്നുണ്ട്. ഇക്വഡോറിനെതിരെ അവസാനഘട്ടത്തിൽ ഏയ്ഞ്ചൽ ഡി മരിയ എത്തിയപ്പോഴാണ് അർജന്റീന അനായാസം മുന്നേറിയത്. മെസിയുടെ ഫ്രീകിക്ക് ഗോളിലേക്കുള്ള വഴിയൊരുക്കിയത് ഡി മരിയയാണ്. ഡി മരിയ ഫൗൾ ചെയ്ത പെഡ്രി ഹിൻകാപി ചുവപ്പുകാർഡ് കണ്ട് പുറത്താകുകയും ചെയ്തു.
ഒസ്പിനയുടെ ചിറകിൽ കൊളംബിയ
കോപ സെമിയിൽ ലയണൽ മെസിയെയും കൂട്ടരെയും കാത്ത് കൊളംബിയൻ ഗോൾ കീപ്പർ ഡേവിഡ് ഒസ്പിന. ക്വാർട്ടറിൽ ഉറുഗ്വേയുടെ കഥകഴിച്ചാണ് ഒസ്പിന കൊളംബിയയെ മുന്നോട്ട് നയിച്ചത്. മാനെ ഗരീഞ്ച സ്റ്റേഡിയത്തിൽ ഷൂട്ടൗട്ടിൽ 4–-2ന് കൊളംബിയ ഉറുഗ്വേയെ പുറത്താക്കി. രണ്ട് കിക്കുകൾ തടുത്തിട്ട് ഒസ്പിന വീരനായകനായി. നിശ്ചിതസമയത്ത് കളിയിൽ ഗോളുണ്ടായില്ല.
ഹോസെ മരിയ ജിമിനെസിനെയും മത്തിയാസ് വിനയെയുമാണ് മുപ്പത്തിരണ്ടുകാരൻ തടഞ്ഞത്. കൊളംബിയക്കുവേണ്ടി കൂടുതൽ മത്സരത്തിൽ ഇറങ്ങിയതിന്റെ റെക്കോഡും സ്വന്തമാക്കി. 113 മത്സരമായി ഒസ്പിനയ്ക്ക്. മുൻ നായകൻ കാർലോസ് വാൾഡറാമയെ മറികടന്നു.