റോം
കൃത്യസമയത്ത് ഇംഗ്ലണ്ടിന് എല്ലാ കാര്യങ്ങളും ഒത്തു. ഹാരി കെയ്നിന്റെ ബൂട്ടുകൾക്ക് ജീവൻവച്ചു. മധ്യനിരയിൽ വേഗത്തിൽ പന്തൊഴുക്കുണ്ടായി. ഗോൾ നിറഞ്ഞു.യൂറോയിൽ കന്നിക്കിരീടം തേടുന്ന ഇംഗ്ലണ്ടിന് ഇത് അവസരമാണ്. ക്വാർട്ടറിൽ ഉക്രെയ്നെ നാല് ഗോളിന് തകർത്ത രീതി എതിരാളികൾക്ക് ഉൾക്കിടിലമുണ്ടാക്കുന്നതാണ്. ഗോൾ വരുന്നില്ല എന്നതായിരുന്നു ഇംഗ്ലണ്ടിന് ഇതുവരെയുള്ള പ്രശ്നങ്ങൾ. അത് പരിഹരിക്കപ്പെട്ടു. അഞ്ച് കളിയിൽ എട്ട് ഗോൾ. ഒരു ഗോൾപോലും വഴങ്ങിയിട്ടില്ല. യൂറോയിൽ പന്ത് തട്ടിയ മറ്റ് 23 ടീമുകൾക്കുമില്ലാത്ത നേട്ടം.
അടങ്ങാത്ത പോർവീര്യവുമായി പന്ത് തട്ടുന്ന ഡെൻമാർക്കുമായാണ് സെമി. ബുധൻ രാത്രി 12.30ന്. ഡെൻമാർക്കിന്റെ വേഗതയ്ക്കുള്ള മറുതന്ത്രമായിരിക്കും ഇനി ഗാരെത് സൗത്ഗേറ്റിന്റെ ചിന്ത. ആദ്യ കളിയിൽ ക്രൊയേഷ്യയോട് പകരക്കാരനായി തിരിച്ചുകയറേണ്ടിവന്ന, മറ്റ് ഗ്രൂപ്പ് മത്സരങ്ങളിൽ നിറംകെട്ട കെയ്നാണ് ഇപ്പോൾ ഇംഗ്ലണ്ടിന്റെ ആക്രമണമുന. ജർമനിക്കെതിരെ പ്രീ ക്വാർട്ടറിൽ ഗോളടിച്ച് തുടങ്ങിയ കെയ്ൻ ഉക്രെയ്ന്റെ വലയിൽ തൊടുത്തത് രണ്ടെണ്ണം. കൂട്ടുകാരൻ റഹീം സ്റ്റെർലിങ് നാല് ഗോളുമായി പട്ടികയിൽ തൊട്ടുമുന്നിലുണ്ട്.
ജർമനിക്കെതിരെ പകരക്കാരനായി ഇറങ്ങിയ കളിയുടെ ഗതി മാറ്റിയ ജാക്ക് ഗ്രീലിഷിനെ പരിഗണിക്കാതെയാണ് സൗത്ഗേറ്റ് ക്വാർട്ടറിൽ ടീമിനെ ഇറക്കിയത്. ഇരുപത്തൊന്നുകാരൻ ജയ്ഡൻ സാഞ്ചോയെ പരിഗണിച്ചു. ബുകായോ സാക്കയുടെ പരിക്കാണ് സാഞ്ചോയ്ക്ക് അവസരമൊരുക്കിയത്. ആസൂത്രകരായ ഗ്രീലിഷിനും ഫിൽ ഫോദെനും ഇടംകിട്ടാത്ത രീതിയിലാണ് ഇപ്പോൾ ഇംഗ്ലീഷ് നിര. ആസൂത്രകർക്ക് സൗത്ഗേറ്റിന്റെ പദ്ധതികളിൽ സ്ഥാനം കുറവാണ്. പ്രതിരോധത്തെ സഹായിച്ചുകളിക്കുന്ന കാൾവിൻ ഫിലിപ്സും ഡെക്ലാൻ റൈസുമാണ് മധ്യനിരയിൽ. ഉക്രെയ്നെതിരെ ആക്രമണത്തിലേക്ക് മാസൺ മൗണ്ടിനെയും ഇറക്കി. ലൂക്ക് ഷായുടെ മാറ്റമാണ് ശ്രദ്ധേയം. വലതുഭാഗത്ത് ഷായുടെ നീക്കങ്ങളാണ് കളിഗതി നിയന്ത്രിക്കുന്നത്. പ്രതിരോധ മധ്യത്തിൽ ജോൺ സ്റ്റോൺസും മഗ്വയറും പഴുതുകൾ നൽകുന്നില്ല.
ഇത്രയേറെ വിഭവങ്ങളുണ്ടായിട്ടും ഡെൻമാർക്കിനെ കരുതിയിരിക്കുകയാണ് ഇംഗ്ലണ്ട്. അമ്പത്തഞ്ച് വർഷത്തിനുശേഷം ഒരു പ്രധാന കിരീടം അവർ സ്വപ്നം കാണുന്നു. പക്ഷേ, അത് എളുപ്പമല്ലെന്ന് സൗത്ഗേറ്റിനും സംഘത്തിനും അറിയാം .