ന്യൂഡൽഹി
റഫേൽ പോർവിമാന ഇടപാടിൽ പ്രധാനമന്ത്രിയുടെ പങ്കും മറ്റ് കാര്യങ്ങളും പുറത്തുകൊണ്ടുവരാൻ സംയുക്ത പാർലമെന്ററി സമിതി(ജെപിസി) അന്വേഷണം പ്രഖ്യാപിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ യോഗം ആവശ്യപ്പെട്ടു. കരാറിന്റെ ഭാഗമായി വൻഅഴിമതിയും കള്ളപ്പണം വെളുപ്പിക്കലും നടന്നിട്ടുണ്ടെന്ന് സിപിഐ എം പ്രകടിപ്പിച്ച ആശങ്ക ശരിവയ്ക്കുന്നതാണ് ഇതേക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താനുള്ള ഫ്രാൻസിന്റെ തീരുമാനം.
2016ലെ കരാറിനെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താൻ ഫ്രഞ്ച് പബ്ലിക് പ്രോസിക്യൂഷൻ സർവീസിന്റെ (പിഎൻഎഫ്)ധനകാര്യ വിഭാഗമാണ് ഉത്തരവിട്ടത്. റഫേൽ ഇടപാടിലെ ആദ്യകരാറിൽ പരിഗണിച്ചിരുന്ന എച്ച്എഎല്ലിനെ ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി പുതിയ പ്രഖ്യാപനം നടത്തുന്നതിന് 15 ദിവസം മുമ്പെ, 2016 മാർച്ച് 26ന് അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പും റഫേൽ നിർമാതാക്കളായ ദസോയും തമ്മിൽ ധാരണപത്രം ഒപ്പിട്ടിരുന്നതായി ഫ്രഞ്ച് അന്വേഷണാത്മക വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പിബി ചൂണ്ടിക്കാട്ടി.
പ്രതിരോധ സേവന
ഓർഡിനൻസ്
പിൻവലിക്കണം: പിബി
പ്രതിരോധനിർമാണ ഫാക്ടറികളിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും പണിമുടക്കിനെതിരെ കേന്ദ്രസർക്കാർ ഇറക്കിയ എസ്മ ഓർഡിനൻസ് ഉടൻ പിൻവലിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.
ശിങ്കിടിമുതലാളിമാരുടെ ലാഭക്കൊതി തൃപ്തിപ്പെടുത്താൻ മോഡിസർക്കാർ ദേശീയ ആസ്തികൾ വിറ്റഴിക്കുന്നതിനെതിരെയാണ് പണിമുടക്ക്.രാജ്യത്തെ 41 ഓർഡനൻസ് ഫാക്ടറിയെ ഏഴ് കോർപറേഷനാക്കും. ഈ തന്ത്രപ്രധാനമേഖലയിൽ നാല് പൊതുമേഖലാ യൂണിറ്റ് മതിയെന്ന കേന്ദ്ര നിലപാട് അംഗീകരിക്കാനാവില്ല. ദേശീയആസ്തികളുടെ വിൽപ്പനയ്ക്കെതിരെ പ്രക്ഷോഭം ശക്തമാക്കും. പണിമുടക്ക് നിയമവിരുദ്ധമായി പ്രഖ്യാപിച്ച് ഇറക്കിയ അവശ്യ പ്രതിരോധ സേവന ഓർഡിനൻസ് പിൻവലിക്കണം–-പിബി ആവശ്യപ്പെട്ടു.