ലണ്ടൻ
വനിതാ ക്രിക്കറ്റിലെ സച്ചിൻ ടെൻഡുൽക്കറെന്നാണ് മിതാലി രാജിന്റെ വിശേഷണം. ഇന്ത്യൻ വനിതാ ഏകദിന ടീമിന്റെ ക്യാപ്റ്റൻ ക്രിക്കറ്റിൽ രാജ്യത്തിനായി അരങ്ങേറിയിട്ട് 22 വർഷമായി. മുപ്പത്തിയെട്ടാം വയസ്സിലും കളി തുടരുന്നു. സച്ചിൻ ഇന്ത്യക്കായി കളിച്ചത് 24 വർഷവും ഒരു ദിവസവും.
ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിൽ പുറത്താകാതെ 75 റണ്ണടിച്ച മിതാലി വനിതാ ക്രിക്കറ്റിലെ ഏറ്റവും വലിയ റൺവേട്ടക്കാരിയായി. 317 കളിയിൽ 10,337 റൺ. ഇംഗ്ലണ്ട് ക്യാപ്റ്റനായിരുന്ന കാർലറ്റ് എഡ്വേർഡ്സിന്റെ 10,273 റണ്ണാണ് മറികടന്നത്. മിതാലി ഏകദിനത്തിൽ 217 കളിയിൽ 7304 റണ്ണടിച്ചു. ഏഴ് സെഞ്ചുറിയും 58 അർധ സെഞ്ചുറിയും. ശരാശരി 51.8 ആണ്. 89 ടെസ്റ്റിൽ 2364 റൺ നേടി. ട്വന്റി 20യിൽനിന്ന് വിരമിച്ച മിതാലി 11 കളിയിൽ നേടിയത് 669 റണ്ണാണ്. പതിനാറ് വർഷവും 205 ദിവസവും പ്രായമുള്ളപ്പോഴാണ് ക്രിക്കറ്റിലെ അരങ്ങേറ്റം. 1999ൽ അയർലൻഡിനെതിരെയായിരുന്നു ആദ്യ കളി.
ഈ പ്രായത്തിലും ഫോമിന് ഒരു കുറവുമില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ 72, 59, 75* എന്നിങ്ങനെയായിരുന്നു മിതാലിയുടെ സ്കോർ. ‘എന്റെ യാത്ര എളുപ്പമായിരുന്നില്ല. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ അത്ഭുതം തോന്നാം. വെല്ലുവിളികൾ കുറവായിരുന്നില്ല. അതെല്ലാം അതിജീവിച്ച് രണ്ടുപതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. റണ്ണടിക്കാനുള്ള മോഹം അവസാനിക്കുന്നില്ല, ഇന്ത്യക്കായി കളിക്കാനുള്ള ആഗ്രഹവും’–- മിതാലി പറഞ്ഞു.