ലണ്ടൻ
വിംബിൾഡൺ ടെന്നീസ് മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ സാനിയ മിർസ–-രോഹൻ ബൊപ്പണ്ണ സഖ്യം പ്രീ ക്വാർട്ടറിൽ കടന്നു. ബ്രിട്ടീഷ് കൂട്ടുകെട്ടായ ഐഡൻ മക്ഹു–-എമിലി സ്മിത്തിനെ 6–-3, 6–-1ന് തോൽപ്പിച്ചു. നാളെ ജീൻ ജൂലിയൻ റോജർ (സ്ലൊവേനിയ)–-ആന്ദ്രെജ ക്ലെപക് (ഡച്ച്) സഖ്യത്തെ നേരിടും. പുരുഷ–-വനിതാ പ്രീ ക്വാർട്ടർ മത്സരങ്ങൾ ഇന്ന് തുടങ്ങും. പുരുഷ വിഭാഗത്തിൽ ഒന്നാംറാങ്കുകാരൻ നൊവാക് ജൊകോവിച്ചിന് ചിലിയുടെ ക്രിസ്റ്റ്യൻ ഗാരിനാണ് എതിരാളി.
റോജർ ഫെഡറർ ഇറ്റലിയുടെ ലോറെൻസോ സൊനെയെ നേരിടും. അലക്സാണ്ടർ സ്വെരേവ്, ആന്ദ്രേ റുബ്ലേവ്, മറ്റിയോ ബെരെറ്റിനി, ഡാനിൽ മെദ്വദേവ് എന്നിവർ പ്രീ ക്വാർട്ടറിലെത്തിയിട്ടുണ്ട്. വനിതകളിൽ ഒന്നാംസീഡ് ആഷ്ലി ബാർടിയുടെ എതിരാളി ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ ബാർബറ ക്രെജ്സികോവയാണ്. ഇഗ സ്വിയാടെക്, കരോലിന പ്ലിസ്കോവ, കൊകൊ ഗഫ്, അരീന സബലെങ്ക എന്നിവരും അവസാന പതിനാറിലുണ്ട്.