യൂറോ കപ്പ് ഫുട്ബോൾ സെമി പോരാട്ടങ്ങൾക്ക് നാളെ തുടക്കം. വമ്പൻമാരായ ഇറ്റലിയും സ്പെയ്നും തമ്മിലാണ് ആദ്യ കളി. ബുധനാഴ്ച ഇംഗ്ലണ്ട് ഡെൻമാർക്കുമായും ഏറ്റുമുട്ടും. 11നാണ് ഫൈനൽ. മൂന്ന് കളിയും രാത്രി 12.30ന് വെംബ്ലി സ്റ്റേഡിയത്തിൽ
ഇത് പുതിയ
ഇറ്റലി
വിശ്വഫുട്ബോളിലേക്ക് ഇറ്റലിയുടെ ഉജ്വല തിരിച്ചുവരവിനാണ് ഈ യൂറോ സാക്ഷ്യം വഹിച്ചത്. മൂന്ന് വർഷംമുമ്പ് ലോകകപ്പിന് യോഗ്യത നേടാനാകാതെ തലകുനിച്ച അസൂറികൾ ഇപ്പോൾ അജയ്യരാണ്. അവസാന 32 കളിയിലും തോൽവി അറിഞ്ഞിട്ടില്ല. 13 തുടർജയങ്ങൾ. റോബർട്ടോ മാൻസീനി എന്ന പരിശീലകനാണ് ഇറ്റലിയുടെ വിജയക്കൂട്ടിന് പിറകിൽ. പ്രതിരോധിച്ച് മാത്രം നീങ്ങിയ കളിശൈലി തിരുത്തി. ആക്രമണത്തിന് മുൻതൂക്കം നൽകിയുള്ള പദ്ധതി ആവിഷ്കരിച്ചു. മുമ്പെങ്ങും കാണാത്തവിധത്തിൽ പ്രതിരോധക്കാർപോലും മുന്നേറ്റത്തിന്റെ ഭാഗമായി. പാർശ്വങ്ങളിലൂടെ എതിരാളിയുടെ ബോക്സിലേക്ക് ശരവേഗത്തിൽ ക്രോസ് പായിക്കുന്ന ലിയനാർഡോ സ്പിനസോളയെ പോലുള്ളവർ ഉദാഹരണം. 1968നുശേഷം രണ്ടാംകിരീടമാണ് ഇറ്റലിക്കാരുടെ ലക്ഷ്യം.
സ്പാനിഷ് ഉയിർപ്പ്
കിരീട പ്രവചനങ്ങളിൽ പിന്നിലായിരുന്നു ലൂയിസ് എൻറിക്വെയുടെ സ്പെയ്ൻ. യൂറോയ്ക്കുള്ള ടീം പ്രഖ്യാപിച്ചതുമുതൽ വിവാദങ്ങളായിരുന്നു. റയൽ മാഡ്രിഡിൽനിന്ന് ഒറ്റ കളിക്കാരനെയും ഉൾപ്പെടുത്തിയില്ല. പ്രതിരോധത്തിലെ വിശ്വസ്തനും ക്യാപ്റ്റനുമായ സെർജിയോ റാമോസിനെ ഒഴിവാക്കിയതിനും പഴികേട്ടു. ടീം പരിശീലനം തുടങ്ങിയപ്പോൾ കോവിഡ് തലവേദനയായി. സെർജിയോ ബുസ്ക്വെറ്റ്സ്, മാർകോസ് ലൊറന്റെ എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു.
ഗ്രൂപ്പുഘട്ടത്തിൽ മോശം തുടക്കമായിരുന്നു. ആദ്യ രണ്ട് കളിയും സമനില. മൂന്നാം മത്സരംതൊട്ട് സ്പെയ്ൻ ഉയിർത്തെഴുന്നേറ്റു. എതിരാളിയുടെ വല നിറച്ച് മുന്നേറി.
1964, 2008, 2012 ചാമ്പ്യൻഷിപ്പുകളിൽ ജേതാക്കളായിരുന്നു.
പതറാതെ ഇംഗ്ലണ്ട്
ആദ്യ യൂറോ നോട്ടമിട്ടാണ് ഗാരെത് സൗത്ഗേറ്റിന്റെ ഇംഗ്ലണ്ട് ഇത്തവണയെത്തിയത്. ക്രൊയേഷ്യയെ ഒരു ഗോളിന് വീഴ്ത്തിയായിരുന്നു തുടക്കം. സ്കോട്ലൻഡിനോട് സമനില വഴങ്ങിയെങ്കിലും പിന്നീട് തിരിഞ്ഞുനോക്കിയില്ല. പ്രീ ക്വാർട്ടറിൽ വമ്പൻമാരായ ജർമനിയെ തകർത്തത് ആത്മവിശ്വാസം കൂട്ടി. പ്രായോഗിക ഫുട്ബോളാണ് ഇംഗ്ലണ്ട് കളിക്കുന്നത്. ഓരോ കളിയും നേടാൻ എന്ത് വേണമെന്ന് സൗത്ഗേറ്റിന് കൃത്യമായി അറിയാം. എതിരാളിയെ മനസ്സിലാക്കിയുള്ള തന്ത്രം. കളത്തിൽ ഒട്ടും തിടുക്കമില്ല ഇംഗ്ലീഷുകാർക്ക്. ജർമനിക്കെതിരെ ഈ തന്ത്രമാണ് ഫലിച്ചത്. പ്രതിരോധിച്ച് നിന്നു. കളിയവസാനം ആക്രമണത്തിലേക്ക് ശൈലി മാറ്റി. ഫിൽ ഫൊദെൻ, ജാക്ക് ഗ്രീലിഷ്, ജയ്ഡെൻ സാഞ്ചോ തുടങ്ങി ഒട്ടേറേ യുവപ്രതിഭകൾ ടീമിലുണ്ട്. ഒരു കളിക്കാരനെയും അമിതമായി ആശ്രയിക്കാതെയാണ് ഇംഗ്ലണ്ടിന്റെ മുന്നേറ്റം.
കറുത്ത കുതിരകൾ ഡെൻമാർക്ക്
ഒരിക്കലും ഉയർത്തെഴുന്നേൽക്കാനാകാത്ത തളർച്ചയോടെയാണ് ഡെൻമാർക്ക് തുടങ്ങിയത്. ഫിൻലൻഡിനെതിരായ ആദ്യ കളിയിൽ ടീമിന്റെ എല്ലാമായ ക്രിസ്റ്റ്യൻ എറിക്സൺ കുഴഞ്ഞുവീണു. തുടർച്ചയായ രണ്ട് തോൽവികൾ. എന്നിട്ടും കാസ്പെർ ഹുൽമണ്ടിന്റെ കുട്ടികൾ ചാരത്തിൽനിന്ന് പറന്നുയർന്നു. അവസാന മൂന്ന് കളിയിൽ പത്ത് ഗോളാണ് അടിച്ചുകൂട്ടിയത്. വഴങ്ങിയത് മൂന്നെണ്ണവും.
ഓരോ കളി കഴിയുംതോറും ഡാനീഷ് വീര്യം കൂടി. ഒന്നിച്ച് പ്രതിരോധിച്ച് ഒന്നിച്ച് ആക്രമിക്കുക എന്നതാണ് തന്ത്രം. എല്ലാനിരയിലും മികച്ച കളിക്കാർ. ഗോളടിക്കാൻ കാസ്പെർ ഡോർബെർഗുണ്ട്. മധ്യനിരയുടെ കടിഞ്ഞാൺ പിയറി എമിലി ഹൊയ്ബർഗിനാണ്. 1992 യൂറോയിലെ ജേതാക്കളാണ് ഡെൻമാർക്ക്.