ന്യൂഡൽഹി
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വർഷകാല സമ്മേളനത്തിന്റെ എല്ലാ ദിവസവും പാർലമെന്റിനു മുന്നിൽ പ്രതിഷേധിക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചു. ഞായറാഴ്ച സിംഘു അതിർത്തിയിൽ ചേർന്ന സംയുക്ത കിസാൻ മോർച്ച യോഗത്തിന്റേതാണ് തീരുമാനം. ഇതിനു മുന്നോടിയായി പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ യുപി, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്ന് കൂടുതൽ കർഷകർ ഡൽഹി അതിർത്തിയിലെ സമരകേന്ദ്രങ്ങളിലെത്തും.
പത്തൊമ്പതുമുതൽ ആഗസ്ത് 13 വരെയാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം. 17ന് പ്രതിപക്ഷ പാർടി നേതാക്കളെയും എംപിമാരെയും വസതികളിലെത്തി കാണും. പ്രതിപക്ഷ നേതാക്കൾക്കും എംപിമാർക്കും താക്കീത് കത്ത് നൽകും. ഒന്നുകിൽ പാർലമെന്റിലെ നിശ്ശബ്ദത അവസാനിപ്പിച്ച് കാർഷിക നിയമങ്ങൾക്കെതിരായി പൊരുതുക, അല്ലെങ്കിൽ എംപി സ്ഥാനം ഉപേക്ഷിക്കുകയെന്ന നിർദേശമാകും കത്തിലുണ്ടാവുക.
വർഷകാല സമ്മേളനം ആരംഭിക്കുമ്പോൾ പാർലമെന്റിനു പുറത്ത് കർഷകർ പ്രതിഷേധിക്കും. പ്രതിപക്ഷത്തോട് പാർലമെന്റ് നടപടി തടസ്സപ്പെടുത്താനും ആവശ്യപ്പെടും. കിസാൻ മോർച്ചയുടെ ഭാഗമായ സംഘടനകളിൽനിന്ന് അഞ്ചുപേർ വീതം പ്രതിഷേധത്തിൽ അണിചേരും. ദിവസവും കുറഞ്ഞത് 200 പേർ സമാധാനപരമായി പ്രതിഷേധിക്കും. കാർഷിക നിയമങ്ങൾക്കെതിരായ ശക്തമായ സന്ദേശമായി ഇത് മാറുമെന്നും കിസാൻ മോർച്ച പ്രസ്താവനയിൽ അറിയിച്ചു.
ഇന്ധന വിലവർധന
അഖിലേന്ത്യാ പ്രതിഷേധം 8ന്
പെട്രോൾ–- ഡീസൽ വിലവർധനയിലും അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിലും പ്രതിഷേധിച്ച് വ്യാഴാഴ്ച അഖിലേന്ത്യാതലത്തിൽ പ്രതിഷേധിക്കും. പകൽ 10 മുതൽ 12 വരെയാകും ഇന്ധന വിലവർധനയ്ക്കെതിരായ പ്രതിഷേധം. ഹരിയാന ഫരീദാബാദിൽ ഖോരി ഗ്രാമവാസികളെ കൂട്ടമായി കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെയും പ്രതിഷേധിക്കും. ബുധനാഴ്ച പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ പ്രക്ഷോഭം സംഘടിപ്പിക്കും.