ന്യൂഡൽഹി
ഉത്തരാഖണ്ഡിൽ പുഷ്കർ സിങ് ധാമിയെ പുതിയ മുഖ്യമന്ത്രിയാക്കിയതിനെതിരെ ബിജെപിക്കുള്ളിൽ കലഹം രൂക്ഷം. സത്പാൽ മഹാരാജുൾപ്പെടെ മുതിർന്ന നേതാക്കളാണ് ധാമിക്കെതിരെ രംഗത്തുവന്നത്. സത്യപ്രതിജ്ഞാ ബഹിഷ്കരണ ഭീഷണി ഉയർത്തിയതിനെത്തുടർന്ന് ബിജെപി കേന്ദ്രനേതൃത്വം ഇടപെട്ടു. നേതാക്കൾക്കെല്ലാം മന്ത്രിസ്ഥാനം നൽകി തൽക്കാലത്തേക്ക് കേന്ദ്രനേതൃത്വം വിമതരെ അനുനയിപ്പിച്ചു.
ഗവർണർ ബേബി റാണി മൗര്യമുമ്പാകെ പുഷ്കർ സിങ് ധാമി ഞായറാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പുഷ്കർ മുഖ്യമന്ത്രിയാകുന്നതിനെ എതിർത്ത സത്പാൽ മഹാരാജ്, ഹരക് സിങ് റാവത്ത്, യശ്പാൽ ആര്യ, സുബോദ് ഉനിയാൽ, ബിഷൻ സിങ് കുഫൽ എന്നിവർ മന്ത്രിമാരായി സത്യപ്രതിജ്ഞചെയ്തു. ബൻസീദർ ഭഗത്, അരവിന്ദ് പാണ്ഡെ, ഗണേഷ് ജോഷി, ധൻ സിങ് റാവത്ത്, രേഖ ആര്യ, സ്വാമി യതീശ്വരാനന്ദ് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത മറ്റ് മന്ത്രിമാർ. നിരവധി എംഎൽഎമാരും പുഷ്കർ സിങ്ങിനെതിരെ തിരിഞ്ഞിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാണ് നാൽപ്പത്തഞ്ചുകാരനായ പുഷ്കർ സിങ്. മുൻ മുഖ്യമന്ത്രി ഭഗത് സിങ് കോഷിയാരിയുടെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായിരുന്നു. തെരഞ്ഞെടുപ്പിന് മാസങ്ങൾശേഷിക്കെയാണ് ഉത്തരാഖണ്ഡിൽ നാല് മാസത്തിനിടെ മൂന്നുപേരെ ബിജെപി മുഖ്യമന്ത്രിക്കസേരയിൽ പരീക്ഷിച്ചത്. ഖതീമയിൽനിന്ന് രണ്ടാമതും എംഎൽഎയായ പുഷ്കർ സിങ്ങിന് മന്ത്രിയായുള്ള പരിചയംപോലുമില്ലെന്ന ആക്ഷേപമാണ് വിമതർ ഉയർത്തുന്നത്.