ജീവനക്കാർക്ക് അർഹമായ വേതനവും ആനുകൂല്യങ്ങളും നൽകാതെ വേജ് തെഫ്റ്റ് നടത്തുന്നത് വിക്ടോറിയയിൽ ജൂലൈ ഒന്ന് മുതൽ ക്രിമിനൽ കുറ്റമാക്കി. നിയമം ലംഘിക്കുന്ന ബിസിനസുകളിൽ നിന്ന് 10 ലക്ഷം ഡോളറിനടുത്ത് പിഴ ഈടാക്കും.
ജീവനക്കാർക്ക് അർഹമായ വേതനവും ആനുകൂല്യങ്ങളും നൽകാതെ തൊഴിലുടമകൾ വേജ് തെഫ്റ്റ് നടത്തുന്നത് ക്രിമിനൽ കുറ്റമാക്കുന്ന നിയമം കഴിഞ്ഞ വർഷം വിക്ടോറിയ കൊണ്ടുവന്നിരുന്നു.
വേജ് തെഫ്റ്റ് ക്രിമിനൽ കുറ്റമാക്കിക്കൊണ്ടുള്ള വേജ് തെഫ്റ്റ് ബിൽ 2020 ആണ് കഴിഞ്ഞ വർഷം ജൂണിൽ വിക്ടോറിയയുടെ ഇരു സഭകളിലും പാസായത്.
ഈ നിയമം ആണ് ജൂലൈ ഒന്ന് (ഇന്ന്) മുതൽ പ്രാബല്യത്തിൽ വന്നത്.
നിയമം ലംഘിക്കുന്നവർക്ക് കഠിന ശിക്ഷയാണ് സർക്കാർ നടപ്പാക്കുന്നത്.
പുതിയ നിയമ പ്രകാരം വേജ് തെഫ്റ്റ് നടത്തുന്ന വ്യക്തികൾക്ക് 1,98,264 ഡോളർ വരെ പിഴയോ പത്ത് വര്ഷം വരെ ജയിൽ ശിക്ഷയോ ലഭിക്കും. നിയമം ലംഘിക്കുന്ന ബിസിനസുകളിൽ നിന്ന് 9,91,320 ഡോളർ വരെ പിഴ ഈടാക്കും.
ജീവനക്കാർക്ക് മനപ്പൂർവം വേതനം നൽകാതിരിക്കുക, സൂപ്പറാന്വേഷനും മറ്റ് ആനുകൂല്യങ്ങളും നൽകാതിരിക്കുക, ജീവനക്കാരുടെ പേ റോളും മറ്റ് റെക്കോർഡുകളും മനപ്പൂർവം സൂക്ഷിക്കാതിരിക്കുക തുടങ്ങിയവയാണ് ക്രിമിനൽ കുറ്റമായി കണക്കാക്കുന്നത്.
ഇതോടെ വേജ് തെഫ്റ്റ് ക്രിമിനൽ കുറ്റമാക്കിയ ഓസ്‌ട്രേലിയയിലെ ആദ്യ സംസ്ഥാനമായി മാറിയിരിക്കുകയാണ് വിക്ടോറിയ.
വേജ് തെഫ്റ്റ് നിയമം നടപ്പിലാക്കിയതോടെ നിയമത്തെക്കുറിച്ച് വേജ് ഇൻസ്പക്റ്ററേറ്റ് വിക്ടോറിയ ബിസിനസുകൾക്കും ജീവനക്കാർക്കും വേണ്ട ബോധവൽക്കരണം നൽകും.
കൂടാതെ ബിസിനസുകളുടെ കടമകളെക്കുറിച്ചും ജീവനക്കാരുടെ അവകാശങ്ങളെക്കുറിച്ചും ഇവരെ ബോധ്യപ്പെടുത്തുകയും ചെയ്യും.
മാത്രമല്ല, വേജ് തെഫ്റ്റുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളോടും വിവരങ്ങളോടും പ്രതികരിക്കുന്നതും വേജ് ഇൻസ്പെക്റ്ററേറ്റ് വിക്ടോറിയ ആകും.
ഇതേക്കുറിച്ചുള്ള അന്വേഷണം നടത്താനും, ബിസിനസുകൾ സന്ദർശിച്ച് ആവശ്യമായ രേഖകൾ ശേഖരിക്കാനും, തെളിവുകൾ പിടിച്ചെടുക്കാനുമുള്ള പൂർണ അധികാരം വേജ് തെഫ്റ്റ് ഇൻസ്പെക്ടറേറ്റിലെ ഇൻസ്പെക്ടര്മാര്ക്കാകും.
ഒരു വേജ് തെഫ്റ്റ് നടന്നതായി സംശയം തോന്നിയാൽ വേജ് ഇൻസ്പെക്റ്ററേറ്റ് വിക്ടോറിയ അതേക്കുറിച്ച് ബിസിനസുകളുടെ പ്രതികരണം തേടുകയും, വേണ്ട രേഖകൾ ആവശ്യപ്പെടുകയും ചെയ്യുമെന്ന് വേജ് തെഫ്റ്റ് വിക്ടോറിയ വക്താവ് അറിയിച്ചു.
ശേഷം നിർദ്ദേശങ്ങൾക്കും ക്രിമിനൽ നടപടികൾക്കുമായി ഇത് പബ്ലിക് പ്രോസിക്യൂഷൻസിന്റെ ഓഫീസിന് കൈമാറുകയും ചെയ്യും.
കടപ്പാട്: SBS മലയാളം