കൊൽക്കത്ത
പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനത്തിൽ ബിജെപിക്കാരുടെ ബഹളത്തിൽ ഗവർണറുടെ നയപ്രഖ്യാപനം തടസ്സപ്പെട്ടു. ഗവർണർ ജഗ്ദീപ് ധൻകർ പ്രസംഗം പൂർണമാക്കാതെ നാലുമിനിറ്റിനുള്ളിൽ സഭവിട്ടു. സമ്മേളനം തുടങ്ങിയതോടെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ബിജെപി അംഗങ്ങൾ പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്തുണ്ടായ അക്രമപരമ്പര പ്രസംഗത്തിൽ പരാമർശിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പ്ലക്കാർഡുകളും പോസ്റ്ററുകളുമായി നടുത്തളത്തിലിറങ്ങി ഇവർ ബഹളംവച്ചു. ഗവർണർ പോയതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
മുഖ്യമന്ത്രി മമത ബാനർജിയും സ്പീക്കർ ബിമൻ ബാനർജിയും ഗവർണറും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായിരിക്കെയാണ് പ്രതിപക്ഷ ബഹളം. നയപ്രസംഗത്തിൽ ക്രമസമാധാനനില സംബന്ധിച്ച ഭാഗങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. തിരുത്തില്ലെന്ന് സർക്കാർ നിലപാടെടുത്തതോടെ, വിയോജിപ്പുള്ള ഭാഗം വായിക്കില്ലെന്ന് ഗവർണറും അറിയിച്ചു. ഗവർണർക്ക് സഹായകമായ നാടകമാണ് സഭയിൽ ബിജെപി ആസൂത്രണം ചെയ്തതെന്ന് വിമർശമുണ്ട്.
ഇതിനിടെ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും തെരഞ്ഞെടുപ്പ് കമീഷനും നോട്ടീസയച്ചു. അതേസമയം, അക്രമങ്ങളുമായി ബന്ധപ്പെട്ട എല്ലാ കേസും രജിസ്റ്റർ ചെയ്യാൻ കൊൽക്കത്ത ഹൈക്കോടതി പൊലീസിനോട് നിർദേശിച്ചു. പരിക്കേറ്റവർക്ക് ചികിത്സയും റേഷനും സംസ്ഥാന സർക്കാർ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.