മുംബൈ
മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിൽ ആറ് കോടി വർഷം പഴക്കമുള്ള പ്രകൃതിദത്ത ബസാൾട്ട് സ്തംഭങ്ങൾ കണ്ടെത്തി. വാനി –പാന്ദകവ്ദ പ്രദേശത്തെ ശിബ്ല– പർദി ഗ്രാമത്തിലാണ് കഴിഞ്ഞയാഴ്ച റോഡ് നിർമാണത്തിനിടെ ഒരു നിര പാറ കണ്ടെത്തിയത്. കൂടുതൽ കുഴിച്ചപ്പോൾ ബസാൾട്ട് സ്തംഭങ്ങൾ കണ്ടെത്തുകയായിരുന്നു.
ആറ് കോടി വർഷംമുമ്പ് മഹാരാഷ്ട്രയിലുണ്ടായ വൻ അഗ്നിപർവത സ്ഫോടനത്തിന്റെ ലാവ ഉറഞ്ഞാണ് ഇതുണ്ടായതെന്നും അപൂർവ പ്രതിഭാസമാണെന്നും പരിസ്ഥിതി പ്രവർത്തകനും ജിയോളജിസ്റ്റുമായ പ്രൊഫ. സുരേഷ് ചോപാനെ പറഞ്ഞു. ലാവ ഉറഞ്ഞ് ഷഡ്ഭുജാകൃതിയിലുള്ള തൂണുകളായി രൂപപ്പെടുകയായിരുന്നു. മഹാരാഷ്ട്രയില് ഇതിനുമുമ്പ് മുംബൈ, കോലാപുർ, നന്ദേഡ് എന്നിവിടങ്ങളിൽ ഇത്തരം പാറക്കൂട്ടം കണ്ടെത്തിയിട്ടുണ്ട്. ചൂടുള്ള ലാവ ഒരു നദിയിലേക്ക് ഒഴുകുകയും പെട്ടെന്ന് തണുക്കുകയും ചെയ്യുമ്പോൾ അത് ചുരുങ്ങി ഷഡ്ഭുജാകൃതിയിലുള്ള തൂണുകളായി മാറുന്നു, അത്തരം ശിലാസ്തംഭങ്ങളാണിത്.