ന്യൂഡൽഹി
യുദ്ധോപകരണങ്ങൾ നിർമിക്കുന്ന ഓർഡനൻസ് ഫാക്ടറി ബോർഡിനെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെയുള്ള പണിമുടക്ക് അടിച്ചമർത്താൻ ശ്രമിക്കുന്നതിൽ വ്യാപകപ്രതിഷേധം. 26 മുതൽ ഓർഡനൻസ് ഫാക്ടറികളിലെ ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചതോടെ കേന്ദ്രം എസ്മ(അവശ്യസേവന നിയമം) കൊണ്ടുവന്നു.
ബിഎംഎസ് അടക്കം പങ്കെടുക്കുന്ന പണിമുടക്കിനെ അടിയന്തര ഓർഡിനൻസ് ഇറക്കിയാണ് കേന്ദ്രം നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്. ബോർഡിനുകീഴിൽ 41 ഫാക്ടറിയുണ്ട്.
സ്വകാര്യകോർപറേറ്റുകൾക്ക് ആയുധനിർമാണമേഖല തീറെഴുതാൻ ബോർഡിനെ ഏഴ് കോർപറേറ്റ് കമ്പനിയാക്കാനാണ് തീരുമാനം. 246 വർഷം പഴക്കമുള്ള സ്ഥാപനത്തിലെ ജീവനക്കാരുടെ ചെറുത്തുനിൽപ്പ് അവഗണിച്ചാണ് നീക്കം. പ്രതിരോധനിർമാണ മേഖലയിൽ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചതിനു പിന്നാലെയാണിത്. ആറ് സംഘടനകൾ സംയുക്തമായി പണിമുടക്കും. ധർണ, സൂചനപ്രക്ഷോഭം, ജോലിയിൽനിന്ന് വിട്ടുനിൽക്കൽ, അനുഭാവപ്രക്ഷോഭം, കൂട്ടത്തോടെ അവധിയെടുക്കൽ എന്നിവ പണിമുടക്കായി കണക്കാക്കുമെന്നാണ് ഓർഡിനൻസ്. സമരം ചെയ്യുന്നവരെയും പ്രേരിപ്പിക്കുന്നവരെയും പിരിച്ചുവിടും. ഒരു വർഷം തടവുശിക്ഷയും വിധിക്കാം.
സർക്കാർ ഭീഷണി വകവയ്ക്കാതെ പണിമുടക്കിൽ ഉറച്ചുനിൽക്കാൻ സംഘടനകൾ തീരുമാനിച്ചു. പണിമുടക്കിനു ശക്തമായ പിന്തുണ നൽകുമെന്ന് സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ അഭ്യർത്ഥിച്ചു. എഐടിയുസി ജനറൽ സെക്രട്ടറി അമർജീത് കൗർ, എഐഡിഇഎഫ് ജനറൽ സെക്രട്ടറി സി ശ്രീകുമാർ എന്നിവരും പ്രതിഷേധിച്ചു.