മംഗളൂരു> കേരളത്തിൽ നിന്നും കർണാടകയിലേക്ക് സഞ്ചരിക്കുന്നവരിൽ ഒരു ഡോസ് വാക്സിൻ എങ്കിലും എടുത്തവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ടെന്ന് കർണാടക. ഇന്നലെ ആദ്യം ഇറക്കിയ ഉത്തരവിൽ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് മാത്രമാണ് ഇളവ് നൽകിയിരുന്നത് .
രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്കും ആർടിപിസിആർ നെഗറ്റീവ് പരിശോധന ഫലം ആവശ്യമില്ല. അല്ലാത്തവർ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് പരിശോധന റിപ്പോർട്ട് ഹാജരാക്കണം .
ആദ്യം ഇറക്കിയ ഉത്തരവ് പ്രകാരം കർണാടകയിലേക്ക് വരുന്ന മുഴുവാനാളുകൾക്കും നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായിരുന്നു.അതിലാണ് ഇപ്പോൾ രണ്ടു തവണയായി ഇളവ് നൽകിയത് .
കേരളത്തിൽ നിന്ന് വരുന്ന ബസ്,ട്രെയിൻ, വിമാന യാത്രക്കാർക്കും ഉത്തരവ് ബാധകമാണ്. ബസുകളിൽ കണ്ടക്ട്രർമാരും, ട്രെയിനിൽ ടിടിമാരും നെഗറ്റീവ് പരിശോധന റിപ്പോർട്ട് ഉണ്ടെന്ന് ഉറപ്പുവരുത്തണം. വിമാനത്തിൽ ബോർഡിങ്ങ് പാസിനൊപ്പം നെഗറ്റീവ് സർട്ടിഫിക്കറ്റും വേണം.
തിങ്കളാഴ്ച മുതൽ ദക്ഷിണ കന്നട, കുടക്, ചാമരാജ് നഗർ, മൈസൂരു തുടങ്ങിയ ജില്ല അതിർത്തികളിൽ പരിശോധന ആരംഭിച്ചിരുന്നുവെങ്കിലും കർശനമായിരുന്നില്ല. വിദ്യാഭ്യാസ,ജോലി ആവശ്യങ്ങൾക്ക് ദിവസവും കർണാടകയിൽ വരുന്നവർ രണ്ടാഴ്ചയിലൊരിക്കൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഉത്തരവിൽ പറയുന്നു.
ആരോഗ്യപ്രവർത്തകരെ ഉത്തരവിൽ ഒഴിവാക്കിയിട്ടുണ്ട്. മരണം, ചികിത്സ തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കായി കർണാടകയിലേക്ക് വരുന്നവരുടെ ഫോൺ നമ്പറും വിലാസവും എടുത്ത ശേഷം സാമ്പി ൾ ശേഖരിച്ച് പരിശോധന നടത്തും.
നിയമം ലംഘകർക്കെതിരെ സംസ്ഥാന ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കും. മഹാരാഷ്ട്രയിൽനിന്നും എത്തുന്നവരിൽ ഒരു ഡോസ് വാക്സിൻ എടുത്തവരെ നിബന്ധനയിൽ നിന്നും ഒഴിവാക്കിയരുന്നു.
കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യം തൃപ്തികരമാണെങ്കിലും നിരീക്ഷണവും ജാഗ്രതയും തുടരേണ്ടതിനാലാണ് നിബന്ധനയെന്ന് കർണാടക സർക്കാർ പറയുന്നു.