ഗൂഡല്ലൂര്> നീലഗിരി ജില്ലയിലെ ഊട്ടിക്ക് സമീപം മുത്തര പാലട ഗ്രാമത്തില് ആദിവാസി സ്ത്രീകള് നടത്തുന്ന തമിഴ്നാട്ടിലെ ആദ്യ പെട്രോള് ബങ്ക് പ്രവര്ത്തനം ആരംഭിച്ചു. ആദിവാസി ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് ബങ്കിന് തുടക്കം കുറിച്ചത്.
ജില്ലയിലെ ആദിവാസികളായ കാട്ടുനായ്ക്കര്, പണിയര്, കുറുമ്പര്, തോഡര്, കോത്തര്, ഇരുളര് എന്നീ വിഭാഗങ്ങളില്പ്പെട്ട ഗൂഡല്ലൂര് ഊട്ടി കോത്തഗിരി തുടങ്ങിയ ഭാഗങ്ങളില് നിന്നുള്ള രണ്ടുവീതം 12 സ്ത്രീകളാണ് ഇവിടെ ജോലി ചെയ്യുന്നത്. വിദൂരത്തു നിന്ന് വരുന്നവര്ക്ക് ആദിവാസി ഗവേഷണ കേന്ദ്രത്തില് താമസസൗകര്യവുമുണ്ട് .
ജില്ലയിലെ 7.5 ലക്ഷം ജനസംഖ്യയില് 3. 7 ശതമാനമാണ് ആദിവാസികള്. എല്ലാ അര്ഥത്തിലും പിന്നോക്കം നില്ക്കുന്ന ആദിവാസികളെയും പ്രത്യേകമായി ആദിവാസി സ്ത്രീകളെയും ഉയര്ത്തിക്കൊണ്ടു വരിക എന്ന് ലക്ഷ്യത്തോടെയാണ് ആദിവാസി സ്ത്രീകള് മാത്രം നടത്തുന്ന പെട്രോള് പമ്പിന് തുടക്കം കുറിച്ചത്. ഇന്ധനത്തിന് ടൗണിലെ വിലയേക്കാള് അല്പം കുറവുമുണ്ട്.