കൊച്ചി
തുടർച്ചയായി പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്നതിനിടെ കേന്ദ്രസർക്കാർ പാചകവാതക വിലയും കുത്തനെ കൂട്ടി. ഗാർഹിക സിലിണ്ടറിന് 25.50 രൂപയും വാണിജ്യ സിലിണ്ടറിന് 80 രൂപയുമാണ് വ്യാഴാഴ്ച കൂട്ടിയത്. കൊച്ചിയിൽ 816 രൂപയായിരുന്ന ഗാർഹിക സിലിണ്ടറിന് 841.50 രൂപയായി. തിരുവനന്തപുരത്ത് 844 രൂപയും കോഴിക്കോട്ട് 843.50 രൂപയുമായി വർധിച്ചു.
ഈവർഷം
അഞ്ചാംതവണ
ഫെബ്രുവരിയിൽ മൂന്നുതവണയായി 100 രൂപ കൂട്ടി. ഫെബ്രുവരി 25ന് ഗാർഹിക പാചകവാതക വില 25 രൂപ വർധിപ്പിച്ചു. അഞ്ചാംദിനം വീണ്ടും 25 രൂപയുടെ വർധന. വാണിജ്യ സിലിൻഡറിന് അന്ന് 96 രൂപ കൂട്ടി. എട്ടുമാസത്തിനുള്ളിൽ എട്ടുതവണയായി ഗാർഹിക സിലിണ്ടറിന് 240.50 രൂപ വർധിപ്പിച്ചു. വാണിജ്യ സിലിണ്ടർ വില കൂടിയത് ഹോട്ടലുകളെയും റസ്റ്റോറന്റുകളെയും പ്രതിസന്ധിയിലാക്കും. ബേക്കറി ഉല്പ്പന്നങ്ങളുടെ വില കൂടും.
ഒരുവർഷമായി
സബ്സിഡി ഇല്ല
പാചകവാതക സബ്സിഡി ഒരുവർഷമായി നൽകുന്നില്ല. മുഴുവൻ പണവും ഉപയോക്താവ് കൊടുക്കണം. സബ്സിഡിയുള്ള സിലിൻഡറിനും ഇല്ലാത്തതിനും ഒരേ വിലയാണ്. 12 സിലിണ്ടറാണ് സബ്സിഡിയോടെ ഒരുവർഷം നൽകിയിരുന്നത്. ഉപയോക്താക്കളെ അറിയിക്കാതെയാണ് സബ്സിഡി നിർത്തിയത്. അതിനുശേഷം ഏഴുതവണ വില കൂട്ടി. സബ്സിഡി ഇല്ലാത്ത പാചകവാതക വില നിർണയത്തിന്റെ മാനദണ്ഡമെന്തെന്നതിന് സർക്കാരിനും എണ്ണക്കമ്പനികൾക്കും വിശദീകരണമില്ല. അടിസ്ഥാനവില എന്തെന്നും വ്യക്തമാക്കുന്നില്ല. പാചകവാതക സബ്സിഡി നിർത്തലാക്കിയത് പൊതുമേഖലാ എണ്ണക്കമ്പനികളുടെ സ്വകാര്യവൽക്കരണത്തിനുവേണ്ടിയാണെന്ന സംശയമാണുയരുന്നത്.
സബ്സിഡി ഭാരം സ്വകാര്യകമ്പനികൾ ഏറ്റെടുക്കില്ല. ബിപിസിഎൽ വിൽപ്പനയ്ക്കുമുമ്പുതന്നെ പാചകവാതകം സബ്സിഡി ഇല്ലാത്ത ഉൽപ്പന്നമാക്കി തലയൂരാനുള്ള നീക്കമാണ് കേന്ദ്രത്തിന്റേത്. സബ്സിഡി ഒഴിവാക്കി നടപ്പ് സാമ്പത്തികവർഷം 20,000 കോടി രൂപ ലാഭിക്കുമെന്നാണ് കണക്കുകൂട്ടൽ.