വാഷിങ്ടൺ
ചരിത്രത്തിലെ കടുപ്പമേറിയ ഉഷ്ണതരംഗത്തിൽപ്പെട്ട് ക്യാനഡ, അമേരിക്കയിലെ ഒറിഗൺ, വാഷിങ്ടൺ എന്നിവിടങ്ങളിലായി നൂറുകണക്കിനാളുകൾ മരിച്ചതായി റിപ്പോർട്ട്. മരണസംഖ്യ കൃത്യമായി കണക്കാക്കിയിട്ടില്ലെങ്കിലും 400 കടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ക്യാനഡയിൽ 165 ലേറെപ്പേർ മരിച്ചു. പല നഗരത്തിലും താപനില 46 ഡിഗ്രി സെൽഷ്യസ് കടന്നു. ഒറിഗണിൽ ഇതുവരെ 60 പേരാണ് മരിച്ചത്. വടക്കുപടിഞ്ഞാറൻ അമേരിക്കയിലും ഉഷ്ണതരംഗം രൂക്ഷമാണ്. വാഷിങ്ടണിൽ 20 മരണമാണ് റിപ്പോർട്ട് ചെയ്തതെങ്കിലും ഇനിയും ഉയർന്നേക്കും.
ആയിരം കൊല്ലത്തിനിടെ ആദ്യമായാണ് ഇത്ര കഠിനമായ ചൂടിലൂടെ മേഖല കടന്നുപോകുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് കാരണമായി പറയുന്നത്. ക്യാനഡയിൽ ബ്രിട്ടീഷ് കൊളംബിയയിലെ ലിറ്റൻ പട്ടണത്തിൽ കാട്ടുതീ ഉണ്ടായതോടെ നാട്ടുകാരെ മാറ്റി പാർപ്പിച്ചു. വാൻകൂവറിൽനിന്ന് 100 കിലോമീറ്റർ അകലെയാണ് ഈ പട്ടണം.