പുതുച്ചേരി
പുതുച്ചേരിയിൽ പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ സൂചന നൽകി ബിജെപി എംഎൽഎമാർ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കണ്ടു. മന്ത്രിസഭ രൂപീകരണത്തിൽ ബിജെപിയുടെ അതൃപ്തി പുകയുന്നതിനിടെയാണ് ബിജെപി പുതുച്ചേരി പ്രസിഡന്റ് വി സ്വാമിനാഥന്റെ നേതൃത്വത്തിൽ സന്ദർശനം. ബിജെപിയുടെ തെരഞ്ഞെടുത്ത ആറ് എംഎൽഎമാർക്കൊപ്പം നാമനിർദേശം ചെയ്ത മൂന്നുപേരും മൂന്ന് സ്വതന്ത്ര എംഎൽഎമാരും മോഡിയെ കണ്ട സംഘത്തിലുണ്ട്.
എൻആർ കോൺഗ്രസ് നേതാവായ രംഗസ്വാമി നയിക്കുന്ന മന്ത്രിസഭയിൽ എൻആർ കോൺഗ്രസിന്റെ മൂന്നുപേരും രണ്ട് ബിജെപി അംഗങ്ങളുമാണുള്ളത്. ബിജെപി പാളയത്തിലെത്തിയ മുൻ കോൺഗ്രസ് നേതാവ് എ നമഃശിവായത്തിനായി ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിരുന്നു. എന്നാൽ എൻആർ കോൺഗ്രസ് വഴങ്ങിയില്ല. ബിജെപി–- എൻആർ കോൺഗ്രസ് തർക്കം രൂക്ഷമാകുമെന്നതിന്റെ സൂചനയായാണ് ഡൽഹി യാത്ര വിലയിരുത്തപ്പെടുന്നത്. സർക്കാർ രൂപീകരിക്കാൻ 16 പേരുടെ പിന്തുണയാണ് ആവശ്യം.10 സീറ്റുമായി എൻആർ കോൺഗ്രസാണ് വലിയ കക്ഷി. രണ്ട് സ്വതന്ത്രരുടെ പിന്തുണയുമുണ്ട്.
കുതിരക്കച്ചവടത്തിന് ബിജെപി നീക്കം നടത്തുമോയെന്ന ആശങ്ക പുതുച്ചേരിയിലുണ്ട്. പ്രതിപക്ഷത്ത് ഡിഎംകെയ്ക്ക് ആറും കോൺഗ്രസിന് രണ്ടും സീറ്റാണുള്ളത്. ഒരു സ്വതന്ത്രന്റെ പിന്തുണയുമുണ്ട്.