മംഗളൂരു
കേരളത്തിൽനിന്ന് കർണാടകത്തിലേക്ക് സഞ്ചരിക്കാൻ രണ്ട് ഡോസ് വാക്സിനെടുത്തവർക്കും രണ്ട് വയസ്സിനു താഴെയുള്ള കുട്ടികൾക്കും ആർടിപിസിആർ നെഗറ്റീവ് പരിശോധനാ ഫലം ആവശ്യമില്ല. മറ്റുള്ളവർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് പരിശോധനാ റിപ്പോർട്ട് നിർബന്ധമെന്ന് വ്യക്തമാക്കി കർണാടകം ഉത്തരവിറക്കി. കേരളത്തിൽനിന്ന് വരുന്ന ബസ്, ട്രെയിൻ, വിമാന യാത്രക്കാർക്ക് ഉത്തരവ് ബാധകം. മുമ്പ് കർണാടകത്തിലേക്ക് വരുന്ന എല്ലാവർക്കും നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായിരുന്നു.
തിങ്കളാഴ്ചമുതൽ ദക്ഷിണ കന്നട, കുടക്, ചാമരാജ് നഗർ, മൈസൂരു തുടങ്ങിയ ജില്ലാ അതിർത്തികളിൽ പരിശോധന ആരംഭിച്ചിരുന്നെങ്കിലും കർശനമായിരുന്നില്ല. വിദ്യാഭ്യാസം, ജോലി ആവശ്യങ്ങൾക്ക് ദിവസവും കർണാടകത്തിൽ വരുന്നവർ രണ്ടാഴ്ചയിലൊരിക്കൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ആരോഗ്യപ്രവർത്തകർക്ക് ബാധകമല്ല. മരണം, ചികിത്സ തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്ക് വരുന്നവരുടെ സാമ്പിൾ ശേഖരിച്ച് പരിശോധിക്കും. നിയമം ലംഘിച്ചാൽ സംസ്ഥാന ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കും.